 
കൊച്ചി: കലകളുടെയും കലാകാരന്മാരുടെയും ഉന്നമനത്തിന് അബുദാബി ആസ്ഥാനമായ റിസ്‌ക്ക് ആർട്ട് ഇനീഷ്യേറ്റീവും (ആർ.എ.ഐ) കേരള ലളിതകലാ അക്കാഡമിയും സഹകരിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ റിസ്‌ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ചീഫ് ക്യൂറേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മീന വാരിയും ലളിതകലാ അക്കാഡമി സെക്രട്ടറി എൻ.ബാലമുരളിയും ഒപ്പുവച്ചു. റിസ്‌ക്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഷഫീന യൂസഫലിയും അക്കാഡമി ചെയർമാൻ മുരളി ചീരോത്തും ചടങ്ങിൽ പങ്കെടുത്തു.
അക്കാഡമിയിലെ കലാകാരന്മാരുടെ സൃഷ്ടികൾ അബുദാബിയിൽ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും ആർ.എ.ഐ മുൻകൈയെടുക്കും. അബുദാബിയിൽ നിന്നുള്ള കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും. കേരളത്തിലെ കലാകാരന്മാരുടെ സൃഷ്ടികൾ ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ഷഫീന യൂസഫലിയും മുരളി ചീരോത്തും പറഞ്ഞു. ലളിതകലാ അക്കാഡമിയിൽ സൂക്ഷിച്ചിരുന്ന 40 സൃഷ്ടികൾ റിസ്‌ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഏറ്റെടുത്ത് പ്രദർശിപ്പിച്ചു.
ആറ്റിങ്ങൽ രാമചന്ദ്രന്റെ കലാസൃഷ്ടികൾ ലണ്ടനിൽ പ്രദർശിപ്പിക്കും. കേരളത്തിലെ പത്തോളം കലാകാരന്മാരുടെ സൃഷ്ടികൾ ഈ വർഷം അബുദാബിയിൽ പ്രദർശിപ്പിക്കും. നാലു മാസം വീതം പശ്ചിമേഷ്യയിലെ നാലുവീതം കലാകാരന്മാർക്ക് അബുദാബിയിൽ സൗജന്യ പരിശീലനം നൽകുമെന്നും ഷഫീന അറിയിച്ചു.
റിസ്‌ക്ക് ആർട്ട് ഇനീഷ്യേറ്റീവ് നൽകുന്ന രണ്ടുലക്ഷം രൂപയുടെ ഫെലോഷിപ്പ് കേരളീയരായ മിബിൻ ഭാസ്‌കർ, മുഹമ്മദ് യാസിർ എന്നിവർക്ക് ഷഫീന യൂസഫ് അലി കൈമാറി. അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഷഫീന യൂസഫ് അലി, യു.കെയിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് എം.ബി.എയും കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. ആർട്ട് ഹിസ്റ്ററിയിൽ പി.എച്ച്ഡി ചെയ്യുകയാണിപ്പോൾ.