
കൊച്ചി: അരിക്കൊമ്പനെത്തിയില്ല, ചട്ടം പഠിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി കോടനാട് ആനവളർത്തുകേന്ദ്രത്തിൽ വനംവകുപ്പ് പണിത കൂട് കാടുകയറി നശിക്കുന്നു.
മൂന്നാറിൽ അരിക്കൊമ്പൻ വിളയാടിയപ്പോൾ കഴിഞ്ഞ മാർച്ചിലാണ് ആനയെ പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചത്. മൂന്നാറിൽ നിന്ന് 129 യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചെത്തിച്ചു. കൂടുപണി ഏതാണ്ട് പൂർത്തിയായപ്പോൾ ആനയെ തേക്കടി വനത്തിലേക്ക് മാറ്റാൻ നിശ്ചയിച്ചു.
അരിക്കൊമ്പൻ തേക്കടിയിറങ്ങി തമിഴ്നാട് വനത്തിലേക്ക് കടന്ന് ശല്യം സൃഷ്ടിച്ചപ്പോൾ അവിടുത്തെ വനംവകുപ്പ് വീണ്ടും മയക്കുവെടിവച്ച് തളച്ച് അഗസ്ത്യകൂടം മേഖലയിലേക്ക് മാറ്റി. ഇപ്പോൾ ആ വനത്തിനുള്ളിൽ വിഹരിക്കുകയാണ് ഗജകേസരി.
15 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് പഴയ കൂട് പൊളിച്ചുമാറ്റി പുതിയത് പണിതത്. മുതിർന്ന ആനകളെ വനത്തിൽ നിന്ന് പിടിക്കുന്നതിന് നിരോധനമുള്ളതിനാൽ അരിക്കൊമ്പനെപ്പോലുള്ള ചട്ടമ്പി ആനകളെ മയക്കുവെടിവച്ച് കൊണ്ടുവരുമ്പോഴേ കൂട് വേണ്ടിവരാറുള്ളൂ. വേണ്ട രീതിയിൽ സംരക്ഷിച്ചാൽ ഈ കൂട് പതിറ്റാണ്ടുകൾ നിലനിൽക്കും.
ഒന്നര വർഷത്തോളമാണ് കാട്ടാനയെ മെരുക്കാൻ വേണ്ടിവരിക. അത്രയും നാൾ നിന്നുതിരിയാൻ ഇടമില്ലാത്ത ഈ കൂടിൽ കഴിയേണ്ടിവരും. മണ്ണാർക്കാടിനെ വിറപ്പിച്ച പീലാണ്ടിക്ക് വേണ്ടി കോടനാട് 2017ലാണ് ഇപ്പോഴുള്ള കൂട് നിർമ്മിച്ചത്. ആ വർഷം മേയ് 31നാണ് പീലാണ്ടിയെ കൊണ്ടുവന്നത്. ഒൻപത്പേരെ കൊന്ന കൊടുംഭീകരനായി മുദ്രകുത്തിപ്പെട്ട 46 വയസുള്ള പീലാണ്ടി ഇപ്പോൾ നല്ല കുട്ടിയാണ്.
അഭയാരണ്യത്തിൽ പീലാണ്ടിക്ക് ശേഷം ആനകളെത്തിയിട്ടില്ല.
ശിവപ്രസാദ് (53), സുനിത (51), ആശ (20), അഞ്ജന (16), പാർവതി (20) എന്നീ ആനകളും അഭയാരണ്യത്തിലുണ്ട്. പെരുമ്പാവൂർ കോടനാടിന് സമീപം പെരിയാറിന്റെ തീരത്ത് 82 ഏക്കർ സംരക്ഷിത വനമാണ് അഭയരാണ്യം. ആനകളെ കൂടാതെ നൂറുകണക്കിന് മാനുകളേയും സംരക്ഷിക്കുന്നുണ്ട്.
ആനയ്ക്കുമുണ്ട് മെനു:
ആനകൾക്ക് അതിരാവിലെ പെരിയാർ നദിയിൽ നീരാട്ട് പതിവാണ്. അതുകഴിഞ്ഞാൽ അരി, റാഗി, ഗോതമ്പ്, മുതിര, ചെറുപയർ, ശർക്കര, മിനറൽ മിക്ച്ചർ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിച്ച ഭക്ഷണം നൽകും. അതുകഴിഞ്ഞ് ആവശ്യത്തിന് പ്ലാവില, പച്ചപ്പുല്ല് എന്നിവ കഴിച്ച് വിശ്രമിക്കാം. വൈകിട്ട് പെരിയാർ നദിയിൽ മൂന്ന് മണിക്കൂർ നീരാടാനിറക്കും.