pic

കൊച്ചി: 150 സുഹൃത്തുക്കൾ. ചിത്ര-ശില്പ കലയെ പ്രണയിച്ചവർ. ഇവരൊന്ന് ചേർന്നപ്പോൾ പിറന്നത് സമൂഹത്തിന്റെ നേ‌ർക്കാഴ്ചയായ ചിത്രങ്ങളും ശില്പങ്ങളും. എറണാകുളം ഡർബാർ ആർട്ട് ഗാലറിയിലാണ് കാഴ്ചയ്ക്ക് മിഴിവേകുന്നതും ആഴത്തിൽ ചിന്തിപ്പിക്കുന്നതുമായ മൺസൂൺ ആർട് ഫെസ്റ്റ് ചിത്രശില്പ ഗ്രാഫിക് പ്രിന്റ് പ്രദർശനം. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ മുതൽ വിവിധ ഫൈൻ ആർട്‌സ് കോളേജുകളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വരെയുണ്ട് സൗഹൃദ കൂട്ടായ്മയിൽ.

പാരീസിൽ താമസിക്കുന്ന അക്കിത്തം പ്രദർശനത്തിനായി ചിത്രം അയച്ചുനൽകുകയായിരുന്നു. ഡൽഹി, ബറോഡ എന്നിവിടങ്ങളിലുള്ള കലാകാരന്മാരും ഈവിധം ചിത്രം കൈമാറി. സമൂഹത്തിന്റെ നിലവിലെ അവസ്ഥയും പ്രകൃതിനാശവും കൈയേറ്റവുമെല്ലാം കഥപറയുന്ന ക്യാൻവാസിലുണ്ട്.

കോട്ടയം ആർട്ട് ഫൗണ്ടേഷന്റെയും ബെഞ്ചമിൻ ബേലി ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് മൺസൂൺ ആർട് ഫെസ്റ്റ് നടത്തുന്നത്. പി. ഗോപിനാഥ്, അഭിമന്യു ഗോവിന്ദൻ, മുരളി ചീറോത്ത്, ബാബു സേവ്യർ, ടി.കെ. ഹരീന്ദ്രൻ, കെ രഘുനാഥൻ, കെ.പി. റെജി, ഭാഗ്യനാഥൻ, ടോം വട്ടകുഴി, ബലമുരളി കൃഷ്ണൻ, നജീന നീലാംബരൻ, ലേഖ നാരായണൻ, രതിദേവി പണിക്കർ, സജിത ശങ്കർ, പ്രദീപ് പുത്തൂർ ബി.ഡി. ദത്തൻ, സനം നാരായണൻ, ബിന്ദി രാജഗോപാൽ, മനോജ് വൈലൂർ, ടി.എം. അസിസ്, പി.വി. നന്ദൻ, സുമേഷ് കാന്തലല്ലൂർ, ഷിജോ ജേക്കബ്, അജി അടൂർ, പി.ജി. ദിനേശ്, ഒ.സി. മാർട്ടിൻ, പ്രേംജി സുധീഷ്, കെ.സുനിൽ, എ.പി കുമാർ തുടങ്ങിയവരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം നാളെ സമാപിക്കും.

സാധാരണ ആഗസ്റ്റ്-സെപ്തംബർ മാസത്തിലാണ് മൺസൂൺ ആർട് ഫെസ് ചിത്രശില്പ പ്രദർശനം നടത്തിയിരുന്നത്. ഗ്യാലറിയുടെ ലഭ്യതക്കുറമൂലം ആറാം പതിപ്പ് നീണ്ടുപോയി. യുവ കാലാകാരന്മാർ ഒരോ വർഷം കൂടിവരികയാണ്. ഇത് സന്തോഷം നൽകുന്ന കാര്യമാണ്".

ടി. ആർ. ഉദയകുമാർ

ക്യൂറേറ്റർ