
കൊച്ചി: ഡോ. വന്ദന ദാസ് കൊലക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്നും സി.ബി.ഐ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂട്ടറെ നിർദ്ദേശിക്കാൻ വന്ദനയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും അഡി. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഹർജിയിൽ 18 ന് ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ച് വിശദമായ വാദം കേൾക്കും. കൊല്ലം സെഷൻസ് കോടതിയിലെ വിചാരണയ്ക്കുള്ള സ്റ്റേ 18 വരെ തുടരും.
കേസിൽ പൊലീസിന്റെ വീഴ്ച മറച്ചുവച്ചാണ് അന്വേഷണം എന്നാരോപിച്ച് ഡോ. വന്ദനയുടെ പിതാവ് കെ.ജി. മോഹൻദാസാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥരടക്കം ദൃക്‌സാക്ഷികളായ കേസിൽ പ്രതിയെ വ്യക്തമായ സാഹചര്യത്തിൽ സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്ന് സി.ബി.ഐയും അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ പോരായ്മയുണ്ടെങ്കിൽ അപ്പോൾ പരിശോധിക്കാമെന്നാണ് സി.ബി.ഐ വാദിച്ചത്.
പ്രതി ജി. സന്ദീപിനെ ഹർജിയിൽ കക്ഷി ചേർത്തു. കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് പരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റ് ഡോ. വന്ദന മരിച്ചത്.