pic

ഫോർട്ട് കൊച്ചി:ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ ഫോർട്ട് കൊച്ചിയിലെ ജന്മഗൃഹത്തിന് മുമ്പിൽ അമ്മ നട്ടുവളർത്തിയ മാവ് ഇപ്പോഴുമുണ്ട്. യേശുദാസിന് വൈകാരികമായി അടുപ്പമുള്ള മാവ് പൊന്നുപോലെ സംരക്ഷിക്കുയാണ് വീടിന്റെ ഇപ്പോഴത്ത ഉടമകൾ. വർഷത്തിലൊരിക്കൽ മാവിൻ ചോട്ടിൽ വെള്ളമൊഴിക്കാൻ അടുത്ത കാലം വരെ യേശുദാസ് എത്തിയിരുന്നു.

പ്രിൻസസ് സ്ട്രീറ്റിൽ പോസ്റ്റോഫീസിന് സമീപത്തെ വീടും പത്ത് സെന്റും 2000 ലാണ് ഫോർട്ട് കൊച്ചി സ്വദേശി ഫിഫ നാസർ വാങ്ങിയത്. വീട് നിർമ്മിക്കാനാണ് ഉദ്ദേശിച്ചത്. പിന്നീട് ഹോട്ടലാക്കാൻ തീരുമാനിച്ചു. ദ ഹൗസ് ഒഫ് യേശുദാസ് എന്നാണ് പേരിട്ടത്.

യേശുദാസിന്റെ അമ്മ എലിസബത്ത് ജോസഫ് നട്ടുവളർത്തിയ മാവ് നിലനിറുത്തണമെന്ന ആഗ്രഹം സുഹൃത്തുക്കൾ വഴി യേശുദാസ് നാസറിനെ അറിയിച്ചിരുന്നു. വർഷത്തിൽ ഒരിക്കൽ മാവിൻചുവട്ടിൽ വെള്ളമൊഴിക്കാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു.

യേശുദാസിന്റെ വൈകാരിക ബന്ധം മനസിലാക്കി മാവ് സംരക്ഷിച്ചു. ഒപ്പം വീടിന്റെ കുറെഭാഗങ്ങളും നിലനിറുത്തിയാണ് പുതുക്കിപ്പണിതതെന്ന് നാസർ പറഞ്ഞു.

എല്ലാവർഷവും മാർച്ച് 31ന് അധികാരിവളപ്പിലെ പള്ളിയിൽ മാതാപിതാക്കളുടെ സ്‌മരണയ്‌ക്ക് നേർച്ച സദ്യയും കച്ചേരിയും നടത്താനെത്തുന്ന യേശുദാസ് മാവിൻചുവട്ടിൽ വെള്ളമൊഴിച്ചാണ് മടങ്ങിയിരുന്നത്. മാമ്പഴം വീണുകിട്ടിയാൽ കഴിക്കുന്നതും പതിവായിരുന്നു.

2015 മുതൽ ഓയോ ത്രീസ്റ്റാർ ഹോട്ടലാണ്. ഫോർട്ട് കൊച്ചിയിലെത്തുന്ന സംഗീതപ്രേമികൾ യേശുദാസിന്റെ വീട് കാണാനെത്താറുണ്ട്.

ഇന്ന് കേക്ക് മുറിച്ച് ആഘോഷം

യേശുദാസിന്റെ പിറന്നാളായ ഇന്ന് രാവിലെ 10ന് ഹൗസ് ഒഫ് യേശുദാസിൽ കേക്ക് മുറിയും ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. സംവിധായകൻ കമൽ മുഖ്യാതിഥിയാകും. സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധിപേർ പങ്കെടുക്കും.