
വൈപ്പിൻ: ചെറായി ശ്രീഗൗരീശ്വരക്ഷേത്രത്തിൽ 18ന് തുടങ്ങി 28ന് അവസാനിക്കുന്ന മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദിവസേനയുള്ള ക്ഷേത്രചടങ്ങുകൾക്ക് പുറമേ മൂുന്നു ഗാനമേള, മൂന്നു നാടകം, സംഗീതകച്ചേരി, നൃത്താസംഗീതാവിഷ്‌കരണം, ക്ഷേത്രകലകളായ കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, ശീതങ്കൻതുള്ളൽ, കുറത്തിയാട്ടം, സോപാനസംഗീതം, നാദസ്വരകച്ചേരി എന്നിവ അരങ്ങേറും. ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള സാംസ്‌കാരിക സമ്മേളനം 24ന് നടക്കും. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ, മുൻ കാലടി സർവകലാശാല വി.സി. ഡോ. എം.സി.ദിലീപ്കുമാർ, ഡോ.എം.എസ്. ഷീബ തുടങ്ങിയവർ പങ്കെടുക്കും.
27ന് നടക്കുന്ന പൂരത്തിന് തലയെടുപ്പുള്ള ഇരുപതോളം ആനകൾ ഇരുചേരുവാരങ്ങളിലുമായി അണിനിരക്കും. പൊലീസ്, അഗ്‌നിശമനസേന, ആംബുലൻസ്, എലിഫെന്റ് സ്‌ക്വാഡ്, വെറ്ററിനറി ഡോക്ടർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് രണ്ടര കിലോമീറ്റർ ചുറ്റളവിൽ ഇൻഷ്വറൻസും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് വികാസ് മാളിയേക്കൽ, ദേവസ്വം മാനേജർ ദിനരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.