
ആലുവ: കടുങ്ങല്ലൂർ വില്ലേജ് പുനർക്രമീകരിച്ച് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിനെ ആലുവ താലൂക്കിൽ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറങ്ങി പത്ത് വർഷമായിട്ടും നടപ്പായില്ല. വിജ്ഞാപനത്തെത്തുടർന്ന് പഞ്ചായത്ത് അധികൃതരെ ആഘോഷപൂർവം താലൂക്ക് ഓഫീസിലേക്ക് സ്വീകരിച്ചിരുന്നു.
നിലവിൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കടുങ്ങല്ലൂർ പഞ്ചായത്തിലെ 1,10,21 വാർഡുകൾ ആലങ്ങാട് വില്ലേജിലും 3,4 വാർഡുകൾ ഭാഗികമായി ആലുവ വെസ്റ്റ് വില്ലേജിലുമായിരുന്നു. ഈ പ്രദേശങ്ങൾ കടുങ്ങല്ലൂർ വില്ലേജിലേക്ക് കൂട്ടിയോജിപ്പിച്ചും കടുങ്ങല്ലൂർ വില്ലേജിലായിരുന്ന ഏലൂർ നഗരസഭയിലെ കുറ്റിക്കാട്ടുകരഭാഗം ഏലൂർ വില്ലേജിലേക്ക് മാറ്റിയുമാണ് 10വർഷംമുമ്പ് പുനർക്രമീകരിച്ച് വിജ്ഞാപനമിറക്കിയത്.
തുടർന്ന് സപ്ളൈ ഓഫീസ്, എംപ്ളോയ്മെന്റ് ഓഫീസ്, മോട്ടോർവാഹന വകുപ്പ്, വ്യവസായ ഓഫീസ് എന്നിവയെല്ലാം ആലുവ താലൂക്കിലേക്ക് മാറ്റിയെങ്കിലും താലൂക്ക് മാറ്റം നടന്നില്ല.
താലൂക്ക് മാറ്റത്തിനെതിരെ ഒരാൾ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് നടപടികൾ നിലച്ചതെന്നാണ് റെവന്യൂ അധികൃതരുടെ നിലപാട്. എന്നാൽ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് യഥാർത്ഥ കാരണമെന്ന് പൊതുപ്രവർത്തകർ പറയുന്നു.
1995ൽ കെ.കെ. ജിന്നാസ് പ്രസിഡന്റായിരിക്കെയാണ് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിനെ ആലുവ താലൂക്കിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നത്. പഞ്ചായത്തിലെ ഭരണമാറ്റത്തെത്തുടർന്ന് തുടർനടപടികൾ നിലച്ചെങ്കിലും 2010ൽ വീണ്ടും ജിന്നാസ് അധികാരത്തിലേറിയപ്പോൾ ഫയലുകൾ പൊടിതട്ടിയെടുത്തു. സ്ഥലം എം.എൽ.എകൂടിയായിരുന്ന അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സഹായംകൂടി ലഭിച്ചപ്പോൾ കാര്യങ്ങൾ വേഗത്തിലായി.
തുടർന്നാണ് വിജ്ഞാപനം ഇറക്കി പകർപ്പ് കൈമാറ്റവും പിന്നാലെ കടുങ്ങല്ലൂർ നിവാസികളെ ആലുവ താലൂക്കിലേക്ക് ആഘോഷപൂർവം സ്വീകരിക്കലുമെല്ലാം നടന്നത്.
പറവൂരിലെത്താൻ ആലുവ കടക്കണം
കടുങ്ങല്ലൂർ വില്ലേജിലുള്ളവർക്ക് പറവൂർ താലൂക്ക് ഓഫീസിലെത്താൻ ആലുവ കടക്കണം. ആലുവ താലൂക്കിലെ തോട്ടക്കാട്ടുകര, പറവൂർകവല, യു.സി കോളേജ് കവലയിൽനിന്ന് 15 കിലോമീറ്ററിലേറെ സഞ്ചരിക്കണം. അതേസമയം കടുങ്ങല്ലൂർ നിവാസികൾക്ക് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ആലുവ താലൂക്ക് ഓഫീസിലെത്താം.
വിജ്ഞാപനം നടപ്പാക്കാൻ ഹർജി
സർക്കാർ വിജ്ഞാപനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവും കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.കെ. ഷാനവാസ് ഹൈക്കോടതിയെ സമീപിച്ചു. കടുങ്ങല്ലൂരിനെ ആലുവ എ.ആർ. ഓഫീസിന് കീഴിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.