പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് ആറാം വാർഡിലെ പനങ്കുരു തോട്ടം ഭാഗത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഇന്നലെ ഏഴ് ആനകളുടെ സംഘം ബേബി മാറാട്ടിന്റെ രണ്ടേക്കർ പൈനാപ്പിൾ കൃഷിയിടത്ത് കയറി രണ്ടായിരത്തോളം തൈകൾ നശിപ്പിച്ചു. ഫോറസ്റ്റ് അധികാരികളുടെ ഭാഗത്ത് നിന്ന് യഥാസമയത്തെ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കർഷകന് നഷ്ടപരിഹാരം നൽകണമെന്നും കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കർഷകസംഘം കോടനാട് വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടാന നശിപ്പിച്ച കൃഷിയിടം സി.പി.എം ലോക്കൽ സെക്രട്ടറി ഒ.ഡി. അനിൽ, കർഷകസംഘം ഭാരവാഹികളായ വിപിൻ കോട്ടക്കുടി, പി.ശിവൻ, സി.പി.എം അമ്പലപ്പടി ബ്രാഞ്ച് സെക്രട്ടറി എം.പി. ബേബി എന്നിവർ സന്ദർശിച്ചു.