പെരുമ്പാവൂർ: 64 വർഷങ്ങൾക്ക് ശേഷം പഴയ സ്‌കൂൾ മുറ്റത്ത് സഹപാഠികൾ ഒന്നിച്ചുകൂടി. അവർക്കൊപ്പം രണ്ട് ഗുരുക്കൻമാരും. പ്രായത്തിന്റെ അവശതകളൊന്നും കൂട്ടുകാരെ തിരിച്ചറിയാനോ പഴയ സ്‌കൂൾ ജീവിതം ഓർത്തെടുക്കാനോ അവർക്ക് പ്രതിബന്ധമായില്ല. ഒക്കൽ ശ്രീനാരായണ യു.പി. സ്‌കൂളിൽ 1960ൽ ഏഴാം ക്‌ളാസിൽ പഠിച്ചവരാണ് സ്‌കൂളിൽ ഒത്തുകൂടിയത്. അന്ന് പഠിച്ചവരിൽ 16 പേരാണ് അപൂർവസംഗമത്തിനെത്തിയത്. മിക്കവരും തന്നെ മക്കളുടെ കൈപിടിച്ചാണ് എത്തിയത്. തീരെ അവശതയുള്ളവരും ഉണ്ടായിരുന്നു. സഹപാഠികളിൽ 15 പേരും ഏഴ് ഗുരുക്കൻമാരും മരിച്ചുപോയി. സംഗമവേദിയ്ക്ക് മുന്നിൽ ഏഴ് ഗുരുക്കൻമാരുടേയും ചിത്രങ്ങൾ വച്ചു. അവിടെ പുഷ്പാർച്ചന നടത്തിയാണ് ഓരോരുത്തരും അകത്തേക്ക് കടന്നത്. പരിപാടിയുടെ കൺവീനർ കെ.വി. ത്യാഗരാജൻ ഓരോരുത്തരെയും പരിചയപ്പെടുത്തി. സ്‌കൂൾ മാനേജർ ടി.എൻ. പുഷ്പാംഗദൻ, പ്രിൻസിപ്പൽ എൻ.വി. ബാബുരാജ്, എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറി കെ.ജി. സുഭാഷിതൻ, പൂർവവിദ്യാർഥികളായ ടി.ഡി. ശിവൻ, ചാക്കുണ്ണി പറക്കാടൻ, പി.ഡി. ബാലൻ, പി.പി. രാധാമണി, സൗദാമിനി എന്നിവർ സംസാരിച്ചു. 90 പിന്നിട്ട അന്നത്തെ അധ്യാപികമാരായ വാസന്തി, ലക്ഷ്മി പിള്ള എന്നിവരെ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. തുടർന്ന് ഓരോ സഹപാഠിയും തങ്ങളുടെ കുടുംബപശ്ചാത്തലവും സ്‌കൂൾ ഓർമകളും പങ്കുവച്ചു. പഴയകാല ഓർമകൾ വീണ്ടെടുക്കാൻ അദ്ധ്യാപികമാർ ഇരുവരും ഒരിക്കൽകൂടി ക്‌ളാസെടുത്തു. എല്ലാവരേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയണമെന്ന് ഗുരുക്കൻമാർ ഓർമിപ്പിച്ചു. സ്വരാക്ഷരവും വൃഞ്ജനാക്ഷരവും പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വാസന്തി ടീച്ചർ പഠിപ്പിച്ചു. ഒത്തൊരുമ എല്ലാകാലവും നിലനിർത്തിക്കൊണ്ടുപോകാൻ കഴിയട്ടെയെന്ന് ലക്ഷ്മി പിള്ള ടീച്ചറും ആശംസിച്ചു. എല്ലാവരും ഒന്നിച്ചിരുന്ന് പപ്പടവും പഴവും പായസവും ചേർത്തുള്ള സദ്യ കഴിച്ചു. ഇനിയും ഒത്തുകൂടാൻ അവസരമുണ്ടാകട്ടെയെന്ന് പ്രാർത്ഥനയോടെ അവർ പിരിഞ്ഞു.