പെരുമ്പാവൂർ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ 2022-2023 വർഷത്തെ എൻ.എസ്.എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ എം.ഇ.എസ് കോളേജിന് മികച്ച നേട്ടം. യൂണിവേഴ്സിറ്റിയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റുകളിൽ ഒന്നായി എം.ഇ.എസ് കോളേജ് മാറംപള്ളിയും, മികച്ച പ്രോഗ്രാം ഓഫീസർ ആയി കോളേജിലെ ശ്രീ. അമൽ സരോജ്, സ്റ്റുഡന്റ് വളണ്ടിയറായി മുഹമ്മദ് ജുനൈദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.സർവ്വകാലാശാലയ്ക്ക് കീഴിലെ 282 യൂണിറ്റുകളിൽ നിന്ന് എം.ഇ.എസ്. കോളേജ് മാറംപള്ളി ഉൾപ്പെട 11 കോളേജുകളാണ് അവാർഡിന് അർഹരായത്. സർവകലാശാല വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാർ അദ്ധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിർണയിച്ചത്. എൻ.എസ്.എസ് യൂണിറ്റിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. കോളേജിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമിച്ച് നൽകുക, വാഴക്കുളം പഞ്ചായത്തുമായി സഹകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ തുടങ്ങി വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് യൂണിറ്റ് കാഴ്ച്ച വച്ചത്. ജേതാക്കൾക്കുള്ള അവാർഡുകൾ ഫെബ്രുവരി ആദ്യ വാരം യൂണിവേഴ്സിറ്റിയിൽ നടക്കുന്ന എൻ.എസ്.എസ് മീറ്റിൽ സമ്മാനിക്കും. അവാർഡ് ജേതാക്കളെ കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പൽ, അദ്ധ്യാപകർ എന്നിവർ അനുമോദിച്ചു.