
തൃപ്പൂണിത്തുറ: മെട്രോയുടെ തൃപ്പൂണിത്തുറയിലേക്കുള്ള അവസാന സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങളും തുടർനടപടികളും അവസാന ലാപ്പിലെത്തിനിൽക്കെ ഗതാഗതക്രമീകരണവും യാത്രാസൗകര്യം ഒരുക്കുന്നതും സംബന്ധിച്ച പ്രതിസന്ധി തുടരുന്നു. പൊതുഗതാഗതവുമായി ബന്ധിപ്പിക്കാത്ത മെട്രോയുടെ ഏക സ്റ്റേഷനാകും തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനെന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളത്.
മെട്രോ ടെർമിനൽ സ്റ്റേഷനോടൊപ്പം 40,000 ചതുരശ്രഅടി വിസ്തീർണമുള്ള വ്യാപാരസമുച്ചയം കൂടി പൂർത്തിയാകുമ്പോൾ ഏതുവഴി കടന്നുവരുമെന്നതാണ് ജനങ്ങളുടെ ആശങ്ക.
പൊതു ഗതാഗത സൗകര്യമില്ലാത്തിടത്ത് നിർദ്ദിഷ്ട മെട്രോ സ്റ്റേഷൻ നിർമ്മിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള നഗരസഭയുടെ ഇടപെടലാണ് പ്രശ്നങ്ങളുടെ തുടക്കം.
തൃപ്പൂണിത്തുറയുടെ സ്വപ്ന പദ്ധതിയായ ബസ്‌സ്റ്റാൻഡും അനുബന്ധറോഡും നിർദ്ദിഷ്ട മെട്രോയുടെ സമീപം തങ്ങൾ പൂർത്തിയാക്കുമെന്നും മെട്രോയുടെ പില്ലറുകൾ ആ റോഡിലൂടെ നിർമ്മിക്കാമെന്നും നഗരസഭയിൽ പ്രമേയം പാസാക്കി കെ.എം.ആർ.എല്ലിന് സമർപ്പിച്ചു. എന്നാൽ റോഡിനും ബസ‌്സ്റ്റാൻഡിനുമായി 101 കോടിയുടെ പദ്ധതി സർക്കാരിന്റെ അനുമതി ലഭ്യമാക്കിയിരുന്നെങ്കിലും സാമ്പത്തിക പരാധീനതമൂലം സ്റ്റാൻഡിനോ റോഡിനോ ഒരു സെന്റ് ഭൂമിപോലും ഏറ്റെടുക്കാതെ നഗരസഭ പദ്ധതിയിൽ നിന്ന് പിൻവലിഞ്ഞു.
അതോടെ കെ.എം.ആർ.എലും റോഡ് നിർമാണത്തിൽനിന്ന് പിന്നോട്ടുപോകുകയും പില്ലറുകൾ സ്ഥാപിക്കാനും പരിപാലിക്കാനും ആവശ്യമായ സ്ഥലം മാത്രം ഏറ്റെടുത്ത് മെട്രോ നിർമ്മാണം പൂർത്തീകരിച്ചു.
മുഖ്യമന്ത്രിക്ക് നവകേരള സദസിൽ കൊടുത്ത നിവേദനത്തിൽ മെട്രോയുടെ അടിയിലൂടെ കെ.എം.ആർ.എൽ പണിയുന്ന 16 മീറ്റർ റോഡ് 371 മീറ്റർ കൂടി നീട്ടി ഹിൽ പാലസ് റോഡുമായി ബന്ധിപ്പിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. എന്നാൽ യഥാർത്ഥത്തിൽ മെട്രോ ഈ വീതിയിൽ ഒരു റോഡ് അവിടെ നിർമ്മിക്കുന്നില്ലെന്നതറിയാതെയാണ് നഗരസഭയുടെ നിവേദനം.
മെട്രോ ഏറ്റെടുത്ത 16 മീറ്റർ വീതിയിലുള്ള സ്ഥലത്തുകൂടി മെട്രോ നിർമ്മാണത്തിന് 5 മീറ്ററോളം സ്ഥലവും ഇരുവശങ്ങളിലും കാനയും കഴിഞ്ഞാൽ റോഡ് നിർമ്മിക്കാൻ ഇരുവശങ്ങളിലും പരമാവധി 4 മീറ്റർ മാത്രമാണ് അവശേഷിക്കുന്നത്. അവിടെ റോഡുപണി പുരോഗമിക്കുകയാണ്. പല സ്ഥലത്തും വളവുകൾ ഉൾപ്പടെയുള്ള റോഡാണ് പണിയുന്നത്. ഇതിലൂടെ ബസുകൾക്ക് കടന്നുപോകാനാവില്ല. ഈ റോഡ് മെട്രോയുടെ ആവശ്യത്തിനാണെന്നാണ് മെട്രോ അധികൃതരുടെ വാദം.
കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് ട്രൂറ നൽകിയ കേസിലും കെ.എം.ആർ.എൽ ബോധിപ്പിച്ചിട്ടുണ്ട്. ഇനി ആകെയുള്ള ആശ്രയം റെയിൽവേ റോഡാണ്. എന്നാൽ റെയിൽവേ കോടതിയിൽ നല്കിയ സത്യവാങ്‌മൂലത്തിൽ ട്രെയിൻ യാത്രക്കാർക്ക് മാത്രമുള്ളതാണ് റെയിൽ റോഡെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കാനയുടെ നിർമ്മാണം
നിറുത്തിവയ്ക്കണം: ട്രൂറ
റോഡു നിർമ്മാണത്തിലെ ആശങ്ക അവസാനിക്കുന്നതുവരെ മെട്രോയുടെ കീഴിൽ രണ്ടറ്റത്തുമായി പണിയുന്ന കാനയുടെ നിർമ്മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രൂറ നഗരസഭാ ചെയർപേഴ്സണ് നിവേദനം നൽകിയതായി ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും പറഞ്ഞു.