പെരുമ്പാവൂർ: കർഷകമിത്രം ഡ്രോൺ ഉപയോഗിച്ചുള്ള ജീവാണു വളപ്രയോഗം നേരിട്ട് കണ്ടുപഠിക്കാനും ആധുനിക കൃഷി രീതികൾ മനസിലാക്കാനും സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും. കോടനാട് ബസേലിയോസ് പബ്ലിക് സ്കൂളിന്റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ കുറിച്ചിലക്കോട്, എക്കുഴി പാടശേഖരത്തിലാണ് ആധുനിക രീതിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള വള പ്രയോഗം നടന്നത്. കൃഷിവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ അതിന്റെ പ്രവർത്തനരീതിയും സാങ്കേതികത്വവും വിവരിച്ചു.
കറങ്ങുന്ന പ്രൊപ്പല്ലറുകൾ, ക്യാമറ കണ്ണുകൾ. പ്രവർത്തന രീതി,ജീവാണു വളപ്രയോഗത്തിന്റെ സാദ്ധ്യതകൾ,എന്നിവ വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു. റിമോട്ട് ഉപയോഗിച്ച് ചലിപ്പിച്ച ഡ്രോൺ പാടശേഖരത്തിന് മുകളിൽ പറന്നുയർന്നപ്പോൾ കുട്ടികൾ ആഹ്ലാദത്തോടെ ആർപ്പുവിളിച്ചു. പുതുതലമുറ കൃഷിയുടെ ഏറ്റവും നൂതനവും സാങ്കേതികവുമായ പാഠങ്ങൾ പഠിക്കുകയായിരുന്നു. കൃഷിയിൽ നിന്നും അകന്നുപോകുന്ന പുതുതലമുറയെ കൃഷിയോട് ചേർത്തുനിർത്താൻ ഉള്ള കൃഷിവകുപ്പിന്റെയും സ്കൂൾ അധികൃതരുടെയും ഒരു ചെറിയ ശ്രമമാണ് ഇവിടെ വിജയം കണ്ടത് .കൂവപ്പടി പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അരവിന്ദ് ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ സാംസസൺ ജേക്കബ് അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി പ്രസിഡണ്ട് എ പി ഏലിയാസ് , സ്കൂൾ മാനേജർ ഫാ. തോമസ് പോൾ റമ്പാൻ, കൃഷി ഓഫീസർ അനു റേ മാത്യൂസ്, പ്രിൻസിപ്പൽ മിനി നായർ, മായ കൃഷ്ണകുമാർ, സിനി എൽദോ, കൃഷി ഉദ്യോഗസ്ഥർ, മറ്റ് പൗരപ്രമുഖർ എന്നിവരെ കുട്ടിക്കർഷകരെ പ്രോത്സാഹിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നു.