ആലങ്ങാട് : കോൺഗ്രസ് ഭരണത്തിലുള്ള മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിൽ ചേരിപ്പോരിനെത്തുടർന്ന് രണ്ടംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ബാങ്ക് ഭരണസമിതിയുടെ വഴിവിട്ട പോക്കിൽ പ്രതിഷേധിച്ച് മുൻ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന എ എം അലിയും കെ എ അബ്ദുൽ ഗഫൂറുമാണ് ശനിയാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയത്. ബാങ്ക് പ്രസിഡന്റ് പി. എ സക്കീറും സെക്രട്ടറിയും ചേർന്ന് കമ്മിറ്റി തീരുമാനമില്ലാതെ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ കമ്മിറ്റി യോഗത്തിൽ ഇരുവരും ചോദ്യം ചെയ്തു. തുടർന്ന് രൂക്ഷമായ വാക്കേറ്റവും വാദപ്രതിവാദങ്ങളും ഉണ്ടായി. പുതുവത്സരം പ്രമാണിച്ച് ബാങ്കിന്റെ നിക്ഷേപകർക്ക് ഡയറി കൊടുക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ പതിവിന് വിരുദ്ധമായി കേക്ക് കൂടി നൽകി. എന്നാൽ ഇത് കമ്മിറ്റി അറിയാതെയെന്നാണ് അലിയുടെയും അബ്ദുൾ ഗഫൂറിന്റെയും വാദം. 30000 രൂപയോളം ഇതിനായി ചെലവഴിച്ചത് പ്രസിഡന്റും സെക്രട്ടറിയും ചേർന്നാണെന്നും ഭരണ സമിതി തീരുമാനം ഇല്ലാത്തതിനാൽ പണം തിരിച്ചടക്കണമെന്നും ഭരണ സമിതി യോഗത്തിൽ ഇരുവരും വാദിച്ചു.