
കൊച്ചി: മത്സ്യബന്ധനത്തൊഴിലാളി പ്രതിനിധികളുടെയും മത്സ്യകർഷകരുടെയും ദേശീയ സംഗമം ശനിയാഴ്ച കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) നടക്കും. വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ സമ്മേളനം ചർച്ച ചെയ്യും. പ്രശ്നങ്ങൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാർ പറഞ്ഞു. കേരള, കർണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ഇരുന്നൂറോളം മത്സ്യബന്ധന തൊഴിലാളി പ്രതിനിധികളും മൂന്നൂറോളം മത്സ്യകർഷകരും സംഗമത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.