കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവർത്തനപുരോഗതി ടി.ജെ. വിനോദ് എം.എൽ.എയും ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷും വിലയിരുത്തി. പദ്ധതി പ്രവർത്തനം നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായിരുന്നു പരിശോധന. കോർപ്പറേഷൻ അധികൃതരും റെവന്യൂ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

കമ്മട്ടിപ്പാടത്തെ കലുങ്കുകളുടെയും കനാലിന്റെയും പുനർ നിർമ്മാണ പ്രവർത്തനങ്ങളും മുല്ലശേരി കനാലിന്റെ അവസാനഘട്ട നിർമ്മാണങ്ങളുമാണ് ഇന്നലെ പരിശോധിച്ചത്.

അടുത്ത മഴക്കാലത്തിനു മുമ്പ് നഗരസഭയിലെ വെള്ളക്കെട്ട് പരമാവധി ഒഴിവാക്കാനാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ ലക്ഷ്യം. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അഞ്ചുവർഷം മുമ്പാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് തുടക്കമിട്ടത്. തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ പദ്ധതിയുടെ പേരിൽ ജില്ലാഭരണകൂടവും നഗരസഭാ അധികൃതരും ഏറെ ആക്ഷേപം കേട്ടിരുന്നു. 2020ൽ നഗരത്തിലുണ്ടായ അസാധാരണമായ വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ കൂടി മേൽനോട്ടത്തിൽ പദ്ധതി പുനരാരംഭിച്ചു.

വെള്ളക്കെട്ടിന് കാരണമാകുന്ന കാനകൾ, ചെറുതോടുകൾ എന്നിവയിലെ തടസങ്ങൾ മാറ്റി പ്രധാന തോടുകളിലേക്ക് മഴവെള്ളം ഒഴുക്കുന്നതിനുള്ള വിവിധ പ്രവൃത്തികൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നല്കിയത്. കമ്മട്ടിപ്പാടം, മാത്യു പൈലി റോഡ് എന്നിവിടങ്ങളിലെ കാനകളുടെയും കൾവർട്ടുകളുടെയും നിർമ്മാണം നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.

പിന്നീട് ലോക്ക് ഡൗൺ മൂലം പ്രവൃത്തിദിനങ്ങൾ നഷ്ടമായതും റെയിൽവേ ലൈൻ കടന്ന് നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനുള്ള തടസങ്ങളും പദ്ധതി അവതാളത്തിലാക്കി.

ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്നപേരിൽ കോടികൾ ചെലവഴിക്കുമ്പോഴും നഗരത്തിൽ ചെറുതും വലുതുമായ വെള്ളക്കെട്ടുകൾ ആവർത്തിച്ചു. ഓരോ വെള്ളപ്പൊക്കത്തിനും കോർപ്പറേഷനും ജില്ലാ ഭരണകൂടവും ഏറെ പഴികേൾക്കുന്നുമുണ്ട്.

ഹോട്ടലുകളി​ൽ നി​ന്നുള്ള മാലി​ന്യം തള്ളുന്നതും പ്രധാന ഓടകളിൽ കുറുകയും സമാന്തരമായും ജലഅതോറിട്ടിയുടെ പൈപ്പ് ലൈനുകളും നിരവധി കേബിളുകളുമുള്ളതുമാണ് വെള്ളപ്പൊക്കത്തി​ന് പ്രധാന കാരണം. അത്തരം പ്രശ്നങ്ങൾ എല്ലാ പരിഹരിക്കുന്നതിനൊപ്പം മുല്ലശേരി കനാലിലെ നീരൊഴുക്ക് സുഗമമാക്കേണ്ടതുണ്ട്.

ഇന്നലെ നടന്ന പരിശോധനയിൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസാസിനി, സബ് കളക്ടർ കെ. മീര, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.