
ഭൂഗർഭ പാതയും സ്റ്റേഷനും പരിഗണനയിൽ
കൊച്ചി: തിരുവനന്തപുരത്തും കൊച്ചി മെട്രോ മാതൃകയാണ് അനുയോജ്യമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്.
2051-ാടെ പദ്ധതി പ്രദേശത്ത് കൂടി മണിക്കൂറിൽ 19,747 പേർ വരെ യാത്രചെയ്യുമെന്ന് പഠനറിപ്പോർട്ടുള്ള സാഹചര്യത്തിൽ ലൈറ്റ് മെട്രോ അനുയോജ്യമല്ലെന്ന് കെ.എം.ആർ.എൽ സി.എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പദ്ധതി രൂപരേഖ ഈ മാസം സർക്കാരിന് കൈമാറും. അന്തിമ തീരുമാനം സർക്കാരാണ് കൈക്കൊള്ളുക.
തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ പദ്ധതിക്കുള്ള ഡി.പി.ആർ 2018ൽ സമർപ്പിച്ചിരുന്നു. അതിനുശേഷം നഗരത്തിലുണ്ടായ വികസനത്തിന്റെ അടിസ്ഥാനത്തിൽ ഡി.പി.ആർ പരിഷ്‌കരിക്കാൻ നിർദ്ദേശമുണ്ടായി. കഴിഞ്ഞ വർഷാവസാനം കെ.എം.ആർ.എൽ നടത്തിയ പഠനത്തിൽ സമ്പൂർണ മെട്രോ ആണ് അനുയോജ്യമെന്ന് കണ്ടെത്തുകയായിരുന്നു. മെട്രോ ട്രാക്കിന്റെ അലൈൻമെന്റ് പരിഷ്കരിക്കൽ, സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങൾ ഡൽഹി മെട്രോ റെയിലുമായും (ഡി.എം.ആർ.സി) നാഷണൽ ഹൈവേ അതോറിട്ടിയുമായും (എൻ.എച്ച്. എ) ആലോചിച്ച് തീരുമാനിക്കും.
കോഴിക്കോട് മെട്രോയ്ക്കായുള്ള സമഗ്ര മൊബിലിറ്റി പ്ലാനും പൂർത്തിയായിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ യോഗം ഉടൻ ചേരുമെന്നും ബെഹ്റ പറഞ്ഞു.
തിരുവനന്തപുരം മെട്രോ
രണ്ട് ഘട്ടങ്ങളിലായി 42.1 കിലോമീറ്റർ
ആദ്യഘട്ടം ടെക്നോസിറ്റി - പള്ളിച്ചൽ - നേമം - 27.4 കിലോ മീറ്റർ.
രണ്ടാം ഘട്ടം കഴക്കൂട്ടം - കിള്ളിപ്പാലം - ഇഞ്ചക്കൽ - 14.7 കിലോമീറ്റർ.
ഇഞ്ചക്കൽ - കിള്ളിപ്പാലം ഭൂഗർഭ പാതയും സ്റ്റേഷനും പരിഗണനയിൽ
37 സ്റ്റേഷനുകൾ
ഡിപ്പോ പള്ളിപ്പുറത്ത്
തിരുവനന്തപുരത്ത് ഭൂഗർഭ പാതയും സ്റ്റേഷനും ഉണ്ടാകും. വിദേശ രാജ്യങ്ങളിലേതു പോലെ മെട്രോ നമുക്കും വേണമെന്നാണ് ആഗ്രഹം.
ലോക്‌നാഥ് ബെഹ്റ
സി.എം.ഡി
കെ.എം.ആർ.എൽ