കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ മറുപടി വേഗത്തിലാക്കണമെന്നും കാലതാമസം വരുത്തുകയോ തെറ്റായ മറുപടി നൽകുകയോ ചെയ്താൽ ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.കെ.എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിലാണ് ഇത് വ്യക്തമാക്കിയത്.
അപേക്ഷകർ ആവശ്യപ്പെടുന്ന വിവരം ലഭ്യമല്ലെന്ന മറുപടി നൽകാൻ പാടില്ല. ഓഫീസുകളിൽ വിവരം സൂക്ഷിക്കേണ്ട ബാദ്ധ്യത ഓഫീസ് തലവനാണ്. അത് ചെയ്തില്ലെങ്കിൽ നടപടികൾ സ്വീകരിക്കും. അപേക്ഷകർക്ക് എളുപ്പം വിവരം ലഭ്യമാക്കണമെന്നും അപേക്ഷകരെ വിവരം നൽകാതെ തിരിച്ചയക്കുന്ന പ്രവണത പാടില്ലെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. ഇന്നലെ സിറ്റിംഗിൽ പരിഗണിച്ച 31 പരാതികളിൽ 29 എണ്ണം തീർപ്പാക്കി. പരാതിക്കാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.