 
പറവൂർ: ദേശീയപാതയിൽ നീണ്ടൂരിന് സമീപം കുടിവെള്ളപ്പൈപ്പ് പൊട്ടിയതിനാൽ രണ്ട് ദിവസമായി വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിൽ കുടിവെള്ളമില്ല. പറവൂർ പമ്പ്ഹൗസിൽ നിന്നുള്ള 400 എം.എം പൈപ്പിലാണ് ചോർച്ചയുണ്ടായത്. തിങ്കളാഴ്ച മുതൽ ചോർച്ച മാറ്റാനുള്ള ജോലികൾ തുടങ്ങിയെങ്കിലും ഇന്നലെയും പരിഹരിക്കാനായില്ല. ചോർച്ചയുള്ള ഭാഗം മുറിച്ചുമാറ്റി പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള ജോലികളാണ് നടക്കുന്നത്. ബുധനാഴ്ചയോടെ കുടിവെള്ള വിതരണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. തീരദേശ മേഖലയായ രണ്ട് പഞ്ചായത്തുകളിലും കുടിവെള്ളത്തിനുള്ള ഏകആശ്രയമാണ് മുടങ്ങിയത്. പറവൂർ പൈപ്പ് ഹൗസ് മുതൽ മുനമ്പം കവലവരെയുള്ള മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള പൈപ്പിൽ തുടർച്ചയായി ചേർച്ചയുണ്ടായ രണ്ട് കിലോമീറ്ററോളം പൈപ്പ് മാറ്റിയിരുന്നു. ഇനിയും മാറ്റാനുള്ള ഭാഗത്താണ് ഇപ്പോൾ ചോർച്ചയുണ്ടായത്.