* സെക്രട്ടറി പണം ബാങ്കിൽ തിരിച്ചടച്ചു
പറവൂർ: സാമ്പത്തിക ക്രമക്കേട് നടത്തിയ ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറിക്കെതിരെ ഇന്നലെ രാവിലെ ചേന്ദമംഗലം പഞ്ചായത്ത് വടക്കേക്കര പൊലീസിൽ പരാതി നൽകി. വൈകിട്ടോടെ കൺസോർഷ്യം സെക്രട്ടറി പണം തിരിച്ചടച്ചു.
കൺസോർഷ്യത്തിന്റെ പേരിൽ ചേന്ദമംഗലം സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ജോയിന്റ് അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിച്ചത് വിവാദമായതോടെ കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ സ്ഥഥാനത്തുനിന്ന് നീക്കിയിരുന്നു. പഞ്ചായത്തിലെ വീടുകളിലും സ്‌ഥാപനങ്ങളിലും നിന്ന് മാലിന്യം കൊണ്ടുപോകുന്നതിന് വാങ്ങുന്ന പണം ഡെപ്പോസിറ്റ് ചെയ്‌തിരുന്ന അക്കൗണ്ടിൽനിന്ന് ആകെ 3,19,000 രൂപയാണ് അനധികൃതമായി പിൻവലിച്ചിരുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ പലതവണയായി കൺസോർഷ്യം സെക്രട്ടറി പണം പിൻവലിച്ചെന്ന് കാണിച്ച് കൺസോർഷ്യം പ്രസിഡന്റ് പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ 40,000 രൂപ സെക്രട്ടറി തിരിച്ചടച്ചു. തിരിച്ചടയ്ക്കാനുള്ള ബാക്കി തുകയായ 2,79,000 രൂപ മൂന്ന് ദിവസത്തിനകം അടയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അടച്ചില്ല. തുടർന്നാണ് പഞ്ചായത്ത് പൊലീസിൽ പരാതി നൽകിയത്. കൺസോർഷ്യം പ്രസിഡന്റിന്റെ ഒപ്പ് വ്യാജമായി ഇട്ടാണ് സെക്രട്ടറി അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതെന്ന് പഞ്ചായത്ത് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. കൺസോർഷ്യം സെക്രട്ടറി പണം തിരിച്ചടച്ചെങ്കിലും പൊലീസിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ പറഞ്ഞു. പണം പിൻവലിച്ചത് ജോയിന്റ് അക്കൗണ്ടിൽ നിന്നായതിനാൽ കൺസോർഷ്യം പ്രസിഡന്റിനും സെക്രട്ടറിക്കും ക്രമക്കേടിൽ ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇരുവർക്കുമെതിരെ പരാതി കൊടുക്കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ പ്രസിഡന്റിനെ ഒഴിവാക്കി സെക്രട്ടറി മാത്രമാണ് ക്രമക്കേട് നടത്തിയതെന്ന് കാണിച്ച് പഞ്ചായത്ത് പൊലീസിൽ പരാതി നൽകിയ നടപടി ശരിയല്ല. പ്രസിഡന്റും തെറ്റു ചെയ്തിട്ടില്ലെന്ന് തീരുമാനിക്കേണ്ടത് പഞ്ചായത്ത് അല്ല. അതിനാൽ പ്രസിഡന്റിനുമെതിരെ പരാതി നൽകണമെന്ന് പ്രതിപക്ഷനേതാവ് വി.എം. മണി ആവശ്യപ്പെട്ടു.
ഇന്നലെ ഹരിതകർമസേന കൺസോർഷ്യത്തിന്റെ യോഗം ചേർന്ന് പുതിയ പ്രസിഡന്റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുത്തു.