prathi
പ്രതി ബിജു മൊല്ല

* ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

കിഴക്കമ്പലം: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കു​റ്റക്കാരനാണെന്ന് പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി കണ്ടെത്തി. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ബംഗാൾ മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയാണ് (44) പ്രതി. 2018 ജൂലായ് 30ന് ആയിരുന്നു സംഭവം നടന്നത്. തടിയിട്ടപറമ്പ് പൊലീസ് സ്​റ്റേഷൻ പരിധിയിൽ അമ്പുനാട് അന്തിനാട് വീട്ടിൽ നിമിഷ തമ്പിയെയാണ് മോഷണശ്രമത്തിനിടയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയത്. വല്യമ്മയുടെ മാല പൊട്ടിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് കൊലപാതകം. ഇവരുടെ വീടിനുസമീപം പ്ലൈവുഡ് കമ്പനിയിൽ ജോലിചെയ്തിരുന്ന പ്രതി രാവിലെ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് അക്രമം നടത്തിയത്. നിമിഷ കറിക്കരിയുന്നതിനിടെ ആയിരുന്നു സംഭവം. കറിക്കരിയാൻ ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങിയാണ് കുത്തി കൊലപ്പെ‌ടുത്തിയത്. നിമിഷയെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും കുത്തി പരിക്കേൽപ്പിച്ചിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. തടിയിട്ടപറമ്പ് പൊലിസ് രജിസ്​റ്റർ ചെയ്ത കേസിൽ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കു​റ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്‌ളിക് പ്രോസിസിക്യൂട്ടർ എം.വി. ഷാജി ഹാജരായി.