ആലുവ: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ആലുവ എക്‌സൈസ് റേഞ്ച് നടത്തിയ പ്രത്യേക പരിശോധനയിൽ 1.160 കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേസി എസ്.കെ. സുജൻ (23) പിടിയിലായി. ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 ഓടെ ദേശീയപാതയിൽ തായിക്കാട്ടുകരയിൽ റേഞ്ച് ഇൻസ്‌പെക്ടർ എം. സുരേഷിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. ഇയാൾക്ക് കഞ്ചാവ് കൈമാറുന്നവരെയും കൂട്ടുകച്ചവടക്കാരെയും കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.
പ്രിവന്റീവ് ഓഫീസർമാരായ സി.എൻ. രാജേഷ്, ടി.പി. പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഒ.എസ്. ജഗദീഷ്, എം.ടി. ശ്രീജിത്ത്, ബേസിൽ തോമസ്, സി.ടി. പ്രദീപ്കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.