കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. ഗതാഗതം തടഞ്ഞും പൊലീസ് സ്റ്റേഷൻ മാർച്ചുകൾ നടത്തിയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് പ്രകടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, സംസ്ഥാന സെക്രട്ടറിമാരായ നോബൽ കുമാർ, എൽദോ ബാബു വട്ടക്കാവൻ, ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ ഒളിക്കൻ, ജില്ലാ ജനറൽ സെക്രട്ടറി ടിനു മോബിൻസ് തുടങ്ങിയവർ സംസാരിച്ചു.
ഇടപ്പള്ളി ടോളിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തു. പ്രവർത്തകരും പൊലീസും തമ്മിൽ പിടിവലിയുണ്ടായി. ഗതാഗതം തടപ്പെടുത്തിയ പ്രവർത്തകരെ പൊലീസ് നീക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായി.