അങ്കമാലി: അങ്കമാലി അർബൻ സഹകരണ ബാങ്കിലെ 55 കോടിയുടെ തട്ടിപ്പിൽ 20 പേർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. 14 ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി, മുൻ സെക്രട്ടറി, നാല് ജീവനക്കാർ എന്നിവർക്കെതിരെയാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ കേസ്. ഇതിൽ മുൻപ്രസി​ഡന്റ് പി​.ടി. പോളും മറ്റൊരു ഭാരവാഹി​യായി​രുന്ന വി​.ജെ. ജെയ്ബി​യും ജീവിച്ചിരിപ്പില്ല. പോളാണ് ഒന്നാം പ്രതി​. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും തിരിമറി നടത്തിയെന്നാണ് പരാതി. വി​ശ്വാസവഞ്ചന, പണംതി​രി​മറി​, വ്യാജരേഖ ചമയ്ക്കൽ, അഴി​മതി​ തുടങ്ങി​യവ വകുപ്പുകളി​ലാണ് കേസ്.

ബാങ്കിൽ നടന്നത് ഭരണസമിതിയും ജീവനക്കാരും ചേർന്നുള്ള സംഘടിത തട്ടിപ്പെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ബാങ്കുമായി ഒരു ബന്ധവുമില്ലാത്തവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വൻതുകകൾ വായ്പയെടുക്കുകയായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവായി​രുന്ന പി.ടി.പോളിന്റെ നേതൃത്വത്തിൽ 2002ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ അർബൻ ബാങ്ക്. വർഷങ്ങളായി തിരഞ്ഞെടുപ്പും നടക്കാറില്ലായിരുന്നു.

വ്യാജരേഖകൾ ചമച്ച് പലവട്ടം വായ്പകളെടുത്തതിൽ അധികവും ഭരണസമിതിയംഗങ്ങളും കൂട്ടാളികളുമാണ്. എടുത്ത വായ്പ തിരിച്ചടയ്ക്കാനും പുതുക്കി വയ്ക്കാനും വരെ വായ്പകൾ എടുത്തിട്ടുണ്ട്.

വായ്പാ കുടിശിക അടയ്ക്കാൻ നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും തങ്ങൾ ബാങ്കിന്റെ കടക്കാരാണെന്ന് അറിയുന്നത്. ഇങ്ങിനെ 300ൽപരം വ്യാജവായ്പകളുണ്ടെന്നാണ് ആരോപണം. കോൺഗ്രസ് നേതാക്കൾക്ക് പഞ്ചായത്തിലും മറ്റും പല ആനുകൂല്യങ്ങൾ നേടിയെടുക്കാനും അനുമതികൾക്കുമായി നൽകിയ രേഖകളും ദുരുപയോഗിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.