കൊച്ചി: സിറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തിരഞ്ഞെടുത്തതായി സൂചന. ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ വത്തിക്കാനിലും സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിലും ഒരേസമയം നടക്കും.
തിങ്കളാഴ്ച ആരംഭിച്ച സിനഡ് യോഗത്തിലെ തിരഞ്ഞെടുപ്പ് നടപടികൾ ഇന്നലെ രാത്രി ഒമ്പതോടെ പൂർത്തിയായി. ജോസഫ് കല്ലറങ്ങാട്ട്, ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവർക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതെന്നാണ് സൂചനകൾ. മൂന്നിൽ രണ്ട് വോട്ട് നേടുന്ന ബിഷപ്പാണ് വിജയിയാകുക.
നടപടികൾ പൂർത്തിയായെന്നും തിരഞ്ഞെടുത്ത വിവരം വത്തിക്കാനെ അറിയിച്ചതായും സഭാവൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടയാളുടെ സമ്മതമുൾപ്പെടെ വത്തിക്കാനെ അറിയിച്ചു. മാർപ്പാപ്പ പേര് അംഗീകരിച്ചശേഷം ഒൗദ്യോഗികപ്രഖ്യാപനവും സ്ഥാനാരോഹണ തീയതിയും സമയവും സ്ഥലവും ഇന്നുതന്നെ പ്രഖ്യാപിക്കും.
2004ൽ പാലാ രൂപതാ ബിഷപ്പായി ചുമതലയേറ്റ ജോസഫ് കല്ലറങ്ങാട്ട് പാലായ്ക്ക് സമീപം കയ്യൂർ സ്വദേശിയാണ്. പാലാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ്.