ആലുവ: നവീകരിച്ച ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. നവീകരണം ആരംഭിച്ച് അഞ്ചാം വർഷമാണ് ബസ് സ്റ്റാൻഡ് നാടിന് സമർപ്പിക്കുന്നത്. ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച നവീകരണം വൈകുകയായിരുന്നു.
ഫെബ്രുവരി 10ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനാണ് തീരുമാനം.
നേരത്തെ ഈ മാസം 25ന് ഉദ്ഘാടനം നടത്താൻ ആലോചിച്ചിരുന്നെങ്കിലും നവീകരണം പൂർത്തിയാകാത്തതിനാലും നിയമസഭാ സമ്മേളനം നടക്കുന്നതിനാലും ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. നവീകരണം പൂർത്തിയാക്കാത്തതിന്റെ പേരിൽ ഭരണ - പ്രതിപക്ഷ മുന്നണികൾ തമ്മിൽ നിരവധി തവണ ആരോപണ - പ്രത്യാരോപണങ്ങളിൽ ഏർപ്പെട്ടിരുന്നു. എം.എൽ.എയുടെ വീഴ്ച്ചയാണെന്ന് പ്രതിപക്ഷവും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് എം.എൽ.എയും ആരോപിച്ചു. പിന്നീട് സമരങ്ങളുടെ വേലിയേറ്റമായിരുന്നു.
ജൂൺ 15ന് അൻവർ സാദത്ത് എം.എൽ.എ കെ.എസ്.ആർ.ടി.സി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചുചേർക്കുകയും നവംബറിൽ നവീകരണം പൂർത്തിയാക്കാൻ നിശ്ചയിക്കുകയും ചെയ്തെങ്കിലും നടന്നില്ല. തുടർന്ന് എം.എൽ.എ വീണ്ടും യോഗം വിളിച്ചുചേർത്ത് രണ്ട് മാസം കൂടി കരാറുകാരന് സമയം നൽകി. ജനുവരി 31നകം പൂർത്തീകരിച്ചില്ലെങ്കിൽ പ്രത്യേക്ഷ സമരം ആരംഭിക്കുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് നവീകരണത്തിന് വേഗം കൂടിയത്.
ആകെ ചെലവ് 13 കോടി
13 കോടിയിലേറെ രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കുന്നത്. അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപ ചെലവിട്ടാണ് നിർമ്മാണം ആരംഭിച്ചത്. പിന്നീട് അനുബന്ധ പ്രവൃത്തികൾക്കായി 2.5 കോടി കൂടി അനുവദിച്ചു. മൂന്നാംഘട്ടമായി കെ.എസ്.ആർ.ടി.സി 5.92 കോടി അനുവദിച്ചു.
ഇനിയും തീരാനുള്ള പ്രവൃത്തികൾ
82,000 ചതുരശ്ര അടി ഇന്റർലോക്ക് വിരിക്കേണ്ടതിൽ പകുതി ഭാഗം ഇനിയും പൂർത്തിയാക്കണം. ഇലക്ട്രിഫിക്കേഷൻ ജോലികളും പൂർത്തിയാക്കണം. ഏഴ് മീറ്റർ ഉയരമുള്ള 30 ലൈറ്റുകളും ഒരു ഭീമൻ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കണം. ജലസംഭരണിയും മാലിന്യ സംസ്കരണ പദ്ധതികളും പൂർത്തിയാകാനുണ്ട്.
ക്രമീകരണങ്ങൾ
സ്റ്റാൻഡിൽ ഇന്റർലോക്ക് വിരിക്കുന്നതിനാൽ ഇന്നലെ മുതൽ ബസുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകൾ ഇടതുവശം ചേർന്ന് മാത്രം കയറി ബസ് ടെർമിനലിന്റെ ഇടതുവശം മതിലിനോട് ചേർന്ന് പാർക്ക് ചെയ്യണം. മദ്ധ്യഭാഗത്തുകൂടി സ്റ്റാൻഡിൽ കയറി കടന്നുപോകുന്നു ദീഘദൂര ബസുകൾക്ക് തടസംനേരിടാതെ ശ്രദ്ധിക്കണം.