കൊച്ചി: കേസിലെ യഥാർത്ഥ പ്രതികളും ശരിയായ കുറ്റവാളികളും കേസിന്റെ മുഖ്യധാരയിൽ വരാതെ എങ്ങോ ഒളിവിലിരിക്കുകയാണെന്ന് പ്രൊഫ.ടി.ജെ.ജോസഫ്. അങ്ങോട്ടേയ്ക്കൊന്നും കേസന്വേഷണം എത്തിയിട്ടില്ല. എത്താൻ രാജ്യത്തെ നിയമസംവിധാനമോ ജനാധിപത്യരീതികളോ വളർന്നിട്ടില്ലെന്നതാണ് വാസ്‌തവം.

ഇപ്പോഴും മതങ്ങൾക്കും മതശക്തികൾക്കും സ്വാധീനമുള്ള നിയമസംവിധാനങ്ങളാണ് രാജ്യത്തുള്ളത്. കുറെയെങ്കിലും നീതി നടപ്പാകുന്നുവെന്നതിൽ പൗരനെന്ന നിലയിൽ സന്തോഷമുണ്ട്. സവാദിനെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നാണ് വിശ്വാസം. സവാദ് ആക്രമിക്കുന്നത് ഇപ്പോഴും എന്റെ മനസിൽ മായാതെ നിൽക്കുന്നുണ്ട്. അദ്ദേഹത്തെ സംരക്ഷിക്കുന്നത് കരുത്തരായതിനാൽ പൊലീസിന് അങ്ങോട്ടൊന്നും കടന്നുചെല്ലാൻ പറ്റിയെന്നുവരില്ല.

നാട്ടിലേക്കും വീട്ടിലേക്കും വരാതെ സാധാരണക്കാരനായി പേരും വേഷവും മാറി എവിടെയെങ്കിലും ജീവിച്ചാൽ പിടിക്കാതിരിക്കാനുള്ള സാദ്ധ്യത നാട്ടിലുണ്ട്.

എനിക്കുണ്ടായ അംഗവൈകല്യമൊക്കെ പ്രതികളെ തൂക്കിക്കൊന്നാലോ ശിക്ഷിച്ചാലോ തിരിച്ചുകിട്ടില്ല. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്കു കിട്ടുന്ന നീതിയല്ല. രാജ്യത്തിന്റെ നീതി നടപ്പാകുമെന്നു മാത്രം. പ്രതിയെ പിടിച്ചെന്ന കൗതുകമല്ലാതെ ഇരയെന്ന നിലയിൽ പ്രത്യേകിച്ച് ഭാവവ്യത്യാസവുമില്ല.

പ്രതികളോട് പകയും വൈരവുമുള്ളവർക്ക് ആശ്വാസമുണ്ടാകും. ഇരകളുടെ ബന്ധുക്കൾ പ്രതികൾക്ക് ശിക്ഷ ലഭിക്കുമ്പോൾ സന്തോഷിക്കുകയോ നീതി കിട്ടിയെന്ന് പറയുകയോ ചെയ്യുന്നത് അവരുടെ പ്രതികാരബുദ്ധിക്ക് ശമനം നൽകുന്നതാണ്. അവർക്ക് നഷ്ടപ്പെട്ടത് ഒരിക്കലും തിരികെക്കിട്ടില്ല.