pak

കൊച്ചി: താത്കാലിക ജീവനക്കാരനെ ഹണിട്രാപ്പിൽ കുടുക്കി കൊച്ചി കപ്പൽശാലയിലെ ചിത്രങ്ങളും സുപ്രധാന വിവരങ്ങളും പാക് ചാരയെന്ന് സംശയിക്കുന്ന യുവതി കൈക്കലാക്കിയ കേസിൽ പൊലീസ് അന്വേഷണം മെല്ലേപ്പോക്കിൽ. വിവരം ചോർത്തിക്കൊടുത്ത താത്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ഒരുമാസമാവുമ്പോഴും കേസിന്റെ അടുത്ത ഘട്ടത്തിലേക്കോ ചാരവനിതയിലേക്കോ എത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഏയ്ഞ്ചൽ പായൽ എന്ന പേരിൽ ഫേസ്ബുക്ക് ചാറ്റിലൂടെയാണ് യുവതി വിവരങ്ങൾ ചോർത്തിയത്. ഡിലീറ്റ് ചെയ്ത അക്കൗണ്ടിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ഫേസ്ബുക്കിന് കത്ത് നൽകിയെങ്കിലും റിപ്പോർട്ട് വൈകുകയാണ്. ഇത് അന്വേഷണത്തെ ബാധിച്ചതായാണ് വിവരം.

പ്രതിയായ കപ്പൽശാലയിലെ കരാർ ജീവനക്കാരൻ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. അന്വേഷണം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

കപ്പൽശാലയിൽ കരാറിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ശ്രീനിഷ് കഴിഞ്ഞ മാർച്ച് മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലാണ് ചിത്രങ്ങൾ പകർത്തി വിവരങ്ങൾ സമൂഹമാദ്ധ്യമം വഴി കൈമാറുകയായിരുന്നു. ഡിസംബർ 20 ലാണ് ശ്രീനിഷിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബയിൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്നാണ് കൊച്ചി കപ്പൽശാലയിലെ രഹസ്യങ്ങൾ ചോർത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

 ചോർത്തിയത്

• നിർമ്മാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ

• പ്രതിരോധകപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്

• കപ്പൽശാലയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ

• വി.വി.ഐ.പികളുടെ സന്ദർശനം

 പൊലീസ് തേടുന്നത്

കഴിഞ്ഞ മാർച്ച് മുതൽ ഡിസംബർ ആദ്യവാരം വരെയുള്ള കാലയളവിൽ ഏയ്ഞ്ചൽ പായലുമായി നടത്തിയ ചാറ്റുകൾ വീണ്ടെടുത്ത്, ഏന്തെല്ലാം കാര്യങ്ങളാണ് ചോർത്തിയിട്ടുള്ളതെന്ന് കണ്ടെത്തുകയാണ് പൊലീസിന് മുന്നിലെ കടമ്പ. കസ്റ്റ‌ഡിയിൽ ചോദ്യംചെയ്യവേ ചിലകാര്യങ്ങൾ ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടായില്ല. ശ്രീനിഷിന്റെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണവും പുരോഗമിക്കുകയാണ്.