നെടുമ്പാശേരി: അര നൂറ്റാണ്ടിനിടെ കൊവിഡാനന്തരം ഒരു വർഷം മാത്രം നഷ്ടം അടയാളപ്പെടുത്തിയ സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) നാളെ സുവർണ ജൂബിലിയാഘോഷിക്കും.
ഇതോടനുബന്ധിച്ച് അഞ്ച് വമ്പൻ വികസന പദ്ധതികളും പ്രഖ്യാപിക്കുമെന്ന് കാംകോ ചെയർമാൻ സി.കെ. ശശിധരൻ, മാനേജിംഗ് ഡയറക്ടർ കെ.പി. ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാർഷിക വിളകൾക്ക് കീടനാശിനി പ്രയോഗത്തിനും നിരീക്ഷണത്തിനും ഉതകുന്ന ഡ്രോണുകൾ വിപണിയിലിറക്കും. വിവിധ ഇടവിള കൃഷികൾക്ക് അനുയോജ്യമായ 15 എച്ച്.പി ഡീസൽ എൻജിൻ ഘടിപ്പിച്ച മിനിട്രാക്ടറാണ് അടുത്ത പദ്ധതി. വിവിധ കാർഷിക ഉപകരണങ്ങൾ ഈ ട്രാക്ടറിൽ ഘടിപ്പിക്കാം. മാലിന്യ നീക്കത്തിനും ഉപയോഗിക്കാം. മൂന്നാമത്തേത് എക്കോ ലെപ്പാഡ് പവർ വീഡറാണ്. ഇത് ചെറുകിട കൃഷിക്കാർക്ക് ഏറെ ഉപകരിക്കും.
നാലാമത്തേത് മിനി കമ്പൈൻഡ് ഹാർവെസ്റ്ററാണ്. ചെറുകിട, ഇടത്തരം ഫാമുകളിൽ കാര്യക്ഷമമായി വിളവെടുക്കാം. സാധാരണ കമ്പൈൻഡ് ഹാർവെസ്റ്ററിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കർഷകർക്ക് വലിയ ലാഭമാണ്. വായുമലിനീകരണം ഇല്ലാത്തതും പ്രവർത്തനക്ഷമത കൂടിയതുമായ ഇലക്ട്രിക് കാർഷിക ഉപകരണങ്ങളാണ് അഞ്ചാമത്തെ പദ്ധതി.
യന്ത്രവത്കരണം ത്വരിതപ്പെടുത്താൻ സംസ്ഥാന സർക്കാർ ജപ്പാനിലെ കുബോട്ട കമ്പനിയുമായി ചേർന്ന് 1973ലാണ് അത്താണിയിൽ കാംകോ ആരംഭിച്ചത്. നിലവിൽ കളമശേരി, കഞ്ചിക്കോട്, മാള, വലിയവെളിച്ചത്ത് എന്നിവിടങ്ങളിൽ യൂണിറ്റുകളുണ്ട്. എഴുന്നൂറോളും ജീവനക്കാർ നേരിട്ടും 2500ലേറെ ആളുകൾ പരോക്ഷമായും ജോലി ചെയ്യുന്നു. അനുബന്ധമായി 350ഓളം വിതരണക്കാരുമുണ്ട്. 1.64 കോടി മുതൽ മുടക്കിൽ തുടങ്ങിയ സംരംഭത്തിന് ഇന്ന് 220 കോടി വിറ്റുവരവുണ്ട്. അസാം, ത്രിപുര, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ കാംകോയ്ക്ക് ശക്തമായ വിപണി സാന്നിദ്ധ്യമുണ്ട്.
വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എൻ. രാജീവ്, ജി. ഗോപകുമാർ, സീനിയർ മാനേജർമാരായ എം.ഐ. അബ്ദുൽ ഷെരിഫ്, എ. ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
സുവർണ ജൂബിലി ഉദ്ഘാടനം
സുവർണ ജൂബിലി ആഘോഷം നാളെ വൈകിട്ട് നാലിന് അത്താണി ഹെഡ് ഓഫീസിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പുതിയ ടില്ലോർ വിതരണോദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിക്കും.