
കൊച്ചി: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ അനശ്വര ഗാനങ്ങൾ തേൻമഴയായ് പെയ്തിറങ്ങിയ വേദിയിൽ അദ്ദേഹത്തിന്റെ 84-ാം പിറന്നാൾ ആഘോഷിച്ച് കൊച്ചി. രാവിലെ 11ന് മകൻ വിജയ് യേശുദാസ്, ചേർത്തല ഗോവിന്ദൻകുട്ടി മാസ്റ്റർ, സംഗീത സംവിധായകൻ ജെറി അമൽദേവ്, സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
വേദിയിലെ സ്‌ക്രീനിൽ അമേരിക്കയിൽ നിന്ന് നിറചിരിയോടെ യേശുദാസും ഭാര്യ പ്രഭയും കുടുംബാംഗങ്ങളും ചേർന്നു. അച്ഛന് നൽകാനുള്ള പിറന്നാൾ മധുരം അതിഥികൾ വിജയ് യേശുദാസിനു നൽകി.
യേശുദാസ് അക്കാഡമിയും പിന്നണി ഗായകരുടെ കൂട്ടായ്മയായ സമവും തരംഗിണി ഓഡിയോസും ചേർന്നാണ് പാലാരിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ പിറന്നാളാഘോഷം ഒരുക്കിയത്.
സംഗീത സംവിധായകരായ വിദ്യാധരൻ, ജെറി അമൽദേവ്, ബേണി ഇഗ്നേഷ്യഷസ്, ഔസേപ്പച്ചൻ, ശരത്, ഗാനരചയിതാവ് ആർ.കെ. ദാമോദരൻ, സംവിധായകൻ സത്യൻ അന്തിക്കാട്, നടന്മാരായ സിദ്ദിഖ്, ദീലീപ്, മനോജ് കെ. ജയൻ, നാദിർഷ, ഗായകരായ അഫ്‌സൽ, സുദീപ് കുമാർ, രഞ്ജിനി ജോസ്, അഖില ആനന്ദ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
ജഗദീശ്വരന്റെ അനുഗ്രഹവും എല്ലാവരുടെയും പ്രാർത്ഥനയും തന്റെ ജന്മദിനത്തെ മനോഹരമാക്കിയതിന് കടപ്പെട്ടവനാണെന്നു പറഞ്ഞ് സംസാരം തുടങ്ങിയ യേശുദാസ്, സംഗീതത്തെ ബഹുമാനിക്കണമെന്നും എല്ലാത്തിന്റെയും ആധാരം സംഗീതമാണെന്നും പറഞ്ഞു. എല്ലാവരും ശുദ്ധ സംഗീതത്തിനായി പ്രവർത്തിക്കണം. അതാണ് ഏറ്റവും വലിയ പിറന്നാൾ സമ്മാനം. സംഗീതവഴിയിൽ ജാതിമത ഭേദമില്ലാത്ത ലോകം സൃഷ്ടിക്കാനാകും. ലോകം മുഴുവൻ ശാന്തിയും സമാധാനവും ഉണ്ടാകണമെന്നു പറഞ്ഞാണ് യേശുദാസ് അവസാനിപ്പിച്ചത്.
പിന്നാലെ സത്യൻ അന്തിക്കാടും ദിലീപും ജെറി അമൽ ദേവും ഉൾപ്പെടെ യേശുദാസിന് ആശംസകൾ നേർന്നു. നടൻ കമൽഹാസനും ഗായികമാരായ ചിത്രയും സുജാതയും ഓൺലൈനിൽ ചേർന്നു. സമം കൂട്ടായ്മയിലെ 30ലേറെ ഗായകർ പിറന്നാൾ സമ്മാനമായി ഗാനാർച്ചനയും നടത്തി. ക്ഷണിക്കപ്പെട്ട 500 പേർക്ക് പിറന്നാൾസദ്യയും ഒരുക്കിയിരുന്നു.