കോതമംഗലം: തൃക്കാരിയൂർ എൽ.പി സ്കൂളിന് സമീപം ചാരുമാലിൽ കൊച്ചയ്യപ്പനും കുടുംബവും ഇനി പീസ്‌വാലിയുടെ തണലിൽ. ശരീരം മുഴുവൻ പൊട്ടി വ്രണങ്ങളുമായി കൊച്ചയ്യപ്പനും (77) പ്രമേഹം മൂലം വിരലുകൾ മുറിച്ചുമാറ്റിയ ഭാര്യ ദേവകിയും (70) മാനസികവെല്ലുവിളി നേരിടുന്ന മകൾ അംബികയും (35) ദുരിതജീവിതമാണ് നയിച്ചിരുന്നത്. രണ്ട് നായകൾ മാത്രമാണ് ഇവർക്ക് കൂട്ടായുണ്ടായിരുന്നത്. അയൽ വീടുകളിൽ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണമാണ് മൂവരുടെയും ജീവൻ നിലനിർത്തിയിരുന്നത്. കൂലിപ്പണിക്കാരനായ കൊച്ചയ്യപ്പൻ കിടപ്പിലായതോടെയാണ് ഇവരുടെ ജീവിത താളം തെറ്റിയത്. കുടുംബത്തിന്റെ ദുരവസ്ഥ മൂവാറ്റുപുഴ ആർ.ഡി.ഒയെ അറിയിക്കുകയും ആവശ്യമായ രേഖകൾ ലഭ്യമാകുകയും ചെയ്തതോടെ പീസ്‌വാലി മൂന്നുപേരെയും ഏറ്റെടുക്കുകയായിരുന്നു. വാർഡ് മെമ്പർ കുമാരി പീസ്‌വാലി ഭാരവാഹികളായ എം.എം. ഷംസുദ്ദീൻ, മുഹമ്മദ് ഷിയാസ്, ജിബിൻ ജോർജ്, സലീം, ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.