പറവൂർ: ജീവിതപ്രാരാബ്ദങ്ങളോട് പൊരുതുന്ന ചെറിയപല്ലംതുരുത്ത് കോലോത്ത് പറമ്പിൽ ഗോപികയ്ക്ക് വീടൊരുങ്ങുന്നു.
തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് അലൂംമ്നി അസോസിയേഷൻ കൊച്ചിൻ ചാപ്റ്റർ (സി.ഇ.ടി.എ.എ) എന്ന സംഘടനയുടെ സഹായത്തോടെ കനിവ് പദ്ധതി പ്രകാരമാണ് ഗോപികയ്ക്ക് വീട് വച്ചുനൽകുന്നത്.
ഗോപികയുടെ അച്ഛൻ ദിലീപ് ജോലിക്ക് പോകാനാകാത്തവിധം ശാരീരിക ബുദ്ധിമുട്ടിലാണ്. അമ്മ സജിത തൊഴിലുറപ്പ് തൊഴിലാളിയാണ്. ഇവർ താമസിച്ചിരുന്ന വീട് കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലാണ്. ചെറിയപല്ലംതുരുത്ത് പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനായ ഗോപികയുടെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ജീവിതമാർഗം. സഹോദരി അശ്വതി വിദ്യാർത്ഥിയാണ്. ഗോപികയുടെ കുടുംബത്തിന്റെ അവസ്ഥ മനസലാക്കിയാണ് കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം അലൂംമ്നി അസോസിയേഷൻ കൊച്ചിൻ ചാപ്റ്റർ വീട് നിർമ്മിച്ച് നൽകാൻ തയാറായത്. വീട് നിർമ്മിക്കാൻ അഞ്ച് ലക്ഷം രൂപ സംഘടന നൽകും. ബാക്കി തുക സി.പി.എം ചിറ്റാറ്റുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടെത്തും. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, സി.ഇ.ടി.എ.എ പ്രതിനിധി കെ. വിനു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗോപിക വീടിന് തറക്കല്ലിട്ടു. ടി.എസ്. രാജൻ, പി.പി. അരൂഷ് എന്നിവർ സംസാരിച്ചു.