ആലങ്ങാട്: ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ കൊച്ചി ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച ഹിന്ദി പ്രചാരകനുള്ള പ്രൊഫ.എ. രാമചന്ദ്രദേവ് ഹിന്ദി സേവി പുരസ്കാരം ആലങ്ങാട് സ്വദേശി കെ.എൻ. സുനിൽ കുമാറിന് സമ്മാനിക്കും. ഹിന്ദി ഭാഷയുടെ പ്രചാരണത്തിന് നൽകിവരുന്ന സംഭാവനകളടക്കം പരിഗണിച്ചാണ് പുരസ്കാരം.
പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 13ന് രാവിലെ 10 മണിക്ക് ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കെ.എൻ. സുനിൽ കുമാറിന് സമ്മാനിക്കും. 34 വർഷമായി ഹിന്ദി പ്രചാരണരംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം കാസർകോട് ജില്ലയിലെ കോളിയടുക്കം ഗവ.യു.പി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനാണ്.