
കൊച്ചി: വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ യാചനാസമരം നടത്തിയ അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹർജി ജസ്റ്റിസ് എൻ. നഗരേഷ് ഈ മാസം 15 ന് പരിഗണിക്കാൻ മാറ്റി. ഹർജി തന്റെ ബെഞ്ചിൽ തന്നെയാണോ വരേണ്ടതെന്ന് പരിശോധിക്കാനും രജിസ്ട്രിക്ക് അദ്ദേഹം നിർദ്ദേശം നൽകി. അഞ്ചു മാസത്തെ വിധവാ പെൻഷൻ ലഭിക്കാനുണ്ടെന്ന് ഹർജിയിൽ പറയുന്നു.
ഹർജി ആദ്യം മറ്റൊരു ബെഞ്ചാണ് പരിഗണിച്ചത്. സമൂഹം ക്രിസ്മസ് ആഘോഷിക്കുമ്പോൾ പെൻഷനുവേണ്ടി എഴുപത്തെട്ടുകാരിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്ന് മുൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.