1

മട്ടാഞ്ചേരി: കൊച്ചി ഗൗതം ആശുപത്രിയും കാർക്കിനോസ് ഹെൽത്ത് കെയറിന്റെയും സഹകരണത്തോടെ ഗൗതം കാർക്കിനോസ് ക്യാൻസർ സെന്റർ പ്രവർത്തനം ആരംഭിച്ചു. കെ.ജെ. മാക്സി എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഗൗതം ആശുപത്രി ഡയറക്ടർ ഡോ.ശ്രീറാം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.മോണി എബ്രഹാം കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.ഡോ. അഞ്ജല, ആന്റണി ഫ്രാൻസിസ്, ഡോ.കെ.രാംദാസ്, പി.കെ അബ്ദുൽ ലത്തീഫ്, കെ.ബി സലാം, അനീഷ് കൊച്ചി, സെഫിൻ സണ്ണി തുടങ്ങിയവർ സംസാരിച്ചു.

ക്യാൻസർ ചികിത്സാ പരിരക്ഷ സാധാരണക്കാർക്ക് പ്രാപ്തമാക്കുകയെന്നതാണ് സെന്ററിന്റെ പ്രാഥമിക ലക്ഷ്യം. ക്യാൻസർ പരിശോധന,ആധുനിക രീതിയിൽ ക്യാൻസർ നിർണയം, ക്യാൻസർ സർജറി, മുൻകൂർ രോഗ നിർണയം തുടങ്ങി നിരവധി സേവനങ്ങൾ സെന്ററിൽ ലഭ്യമാകും. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കമ്മ്യൂണിറ്റി തലത്തിൽ ക്യാൻസർ പരിശോധന സാദ്ധ്യമാക്കി മുൻ കൂറായി രോഗ നിർണയം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും സെന്റർ നേതൃത്വം നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് വിവിധ സംഘടനകളുടെയും ഏജൻസികളുടെയും സി.എസ്.ആർ ചികിത്സാ ഫണ്ട് ലഭ്യമാക്കും. ക്ളിനിക്കിൽ ഓങ്കോളജിസ്റ്റിന്റെ പരിശോധന എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെയുണ്ടാകുമെന്ന് ഡോ.ശ്രീറാം ചന്ദ്രൻ പറഞ്ഞു.