metro

കൊച്ചി: മെട്രോയെ കൂടുതൽ ജനകീയമാക്കാൻ ഫീഡർ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. 35 ഇ-ബസുകളും 30 ഇ-ഓട്ടോറിക്ഷകളും കൂടി കെ.എം.ആർ.എൽ നിരത്തിലിറക്കും. മെട്രോ റെയിലിനായുള്ള വാഹനങ്ങൾ എ.എഫ്.ഡി ഫണ്ട് ഉപയോഗിച്ചാകും വാങ്ങുക. മെട്രോയെയും വാട്ടർ മെട്രോയെയും ബന്ധിപ്പിച്ച് പ്രധാന മേഖലകളിലേക്കാണ് സൗകര്യമൊരുങ്ങുന്നത്.

നിലവിൽ ആറ് എജൻസി ഫീഡർ ബസുകളും 75 ഓട്ടോകളുമാണ് സർവീസ് നടത്തുന്നത്.

വാട്ടർ മെട്രോ ടെർമിനലിൽ നിന്നുള്ള യാത്രയ്ക്ക് 20 ബസുകളും മെട്രോ റെയിലിനായി 15 ബസുകളുമാണ് വാങ്ങുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നതെന്ന് കെ.എം.ആർ.എൽ വ്യക്തമാക്കി.

ഓട്ടോയിൽ ജി.പി.എസ്

ക്യു.ആർ കോഡ്

കമ്മ്യൂട്ടോ എന്ന പേരിലാണ് നിലവിലെ 75 ഓട്ടോറിക്ഷകൾ കെ.എം.ആർ.എൽ സർവീസ് നടത്തുന്നത്. മെട്രോയുടെ പ്രധാന സ്റ്റേഷനുകളിൽ ഇവ സർവീസ് നടത്തുന്നുണ്ട്. ജി.പി.എസും പ്രത്യേക ആപ്പും പണമടയ്ക്കാൻ ക്യു.ആർ കോഡ് സംവിധാനവും ഉൾപ്പെടെ ഓട്ടോറിക്ഷകളിൽ സജ്ജമാക്കിയിട്ടുള്ളത്.

പുതിയ ബസുകളും ഓട്ടോറിക്ഷകളും കൂടി വരുന്നതോടെ ചാർജിംഗ് സ്‌റ്റേഷനുകളുടെ എണ്ണവും വർദ്ധിപ്പിച്ചേക്കും. നിലവിൽ 25ഓളം ചാർജിംഗ് പോയിന്റുകളാണ് ഓട്ടോകൾക്കായുള്ളത്.

ഫീഡർ ബസിലും തിരക്ക്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കാക്കനാട് ഇൻഫോ പാർക്ക്, കളമശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് നിലവിൽ ബസുകൾ ഫീഡർ സർവീസ് നടത്തുന്നുണ്ട്. തുടക്ക സമയത്ത് 500 മുതൽ 600 പേരായിരുന്നു ഈ ഫീഡർ ബസുകളെ ആശ്രയിച്ചിരുന്നതെങ്കിൽ ഇപ്പോൾ 1100 ആയി. നിലവിൽ 1500ലേറെപ്പേർ പ്രതിദിനം ഫീഡർ സർവീസുകളെ ആശ്രയിക്കുന്നുവെന്നാണ് കണക്ക്.

എജൻസി ഫീഡർ ബസുകൾ- 6

ഫീഡർ ഓട്ടോകൾ- 75

പുതിയ ബസുകൾ- 35

പുതിയ ഓട്ടോകൾ- 30

നിലവിൽ ഫീഡർ സർവീസിനെ

ആശ്രയിക്കുന്നത്- 1500ലേറെപേർ