കൊച്ചി: പറവൂർ കോടതിയുടെ പുതിയ കെട്ടിടസമുച്ചയത്തിന് കൂടുതൽ സ്ഥലം അനുവദിക്കുന്നതിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നല്കി. 22ന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ അറിയിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. പുതിയ കെട്ടിടം നിർമ്മിക്കാൻ ഇപ്പോൾ അനുവദിച്ച അരയേക്കർ സ്ഥലം അപര്യാപ്തമാണെന്നു കാട്ടി അഡ്വ. അയൂബ് ഖാൻ നല്കിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ട്രഷറിക്ക് അനുവദിച്ച 15സെന്റ് സ്ഥലംകൂടി കോടതിക്ക് വിട്ടുനല്കാൻ തീരുമാനിച്ചതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഈ തീരുമാനം ഉചിതമായെന്ന് വിലയിരുത്തിയ ഹൈക്കോടതി പുതിയകാലത്തെ ആവശ്യത്തിന് ഇത്രയും സ്ഥലം പോരെന്ന് വിലയിരുത്തി.
നിലവിൽ അനുവദിച്ചതിന് കിഴക്കും വടക്കുമായി കിടക്കുന്ന ഭൂമികൂടി അനുവദിക്കുന്ന കാര്യത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. പാർക്കിംഗ് സൗകര്യമടക്കം കണക്കിലെടുത്താണ് കോടതിയുടെ നിർദ്ദേശം.
കെട്ടിടം നിർമിക്കാൻ മാത്രം 80സെന്റ് സ്ഥലം വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് റിപ്പോർട്ടെന്ന് ഹർജിക്കാരൻ അറിയിച്ചു.