കൊച്ചി: പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ ഇതി തെളിയാനുള്ളത് ഗൂഢാലോചന.

ദീർഘകാലം ഒളിവിൽ കഴിയാൻ സഹായം നൽകിയവരെയും നടത്തിയ ഇടപാടുകളും കണ്ടെത്തണം. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ അടുത്ത ദിവസം എൻ.ഐ.എ അപേക്ഷ സമർപ്പിക്കും.

നിയമവിരുദ്ധമായി സംഘം ചേർന്ന് ജോസഫിനെ ആക്രമിച്ചു, ഭീകരത സൃഷ്ടിക്കുക, സമുദായിക സൗഹൃദം തകർക്കുക, പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുക, സമുദായങ്ങൾ തമ്മിൽ ഭിന്നതയുണ്ടാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

പ്രതിയുമായി സംസാരിക്കാൻ അഭിഭാഷകനും ബന്ധുക്കൾക്കും 10 മിനിറ്റ് കോടതി അനുവദിച്ചു. കൊടിഞ്ഞി തലവേദനയുണ്ടെന്ന് സവാദ് കോടതിയെ അറിയിച്ചു. വൈകിട്ട് അഞ്ചോടെയാണ് കലൂരിലെ കോടതിയിൽ ഹാജരാക്കിയത്.

ആക്രമണം വീടിന് സമീപം

2010 ജൂലായ് നാല് ഞായറാഴ്ച രാവിലെയാണ് തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫ.ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഏഴംഗ പോപ്പുലർ ഫ്രണ്ട് സംഘം മൂവാറ്റുപുഴ- തൊടുപുഴ റോഡിൽ നിർമ്മല സ്കൂളിന് സമീപത്തെ വീടിനുസമീപം കാർ തടഞ്ഞുനിറുത്തി സ്‌ഫോടകവസ്തു എറിഞ്ഞ് ഭീതിപ്പെടുത്തി. ജോസഫിനെ വലിച്ചുപുറത്തിറക്കി റോഡിൽ കിടത്തി മഴു ഉപയോഗിച്ച് വലതു കൈപ്പത്തി വെട്ടിമാറ്റി സമീപത്തെ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞത് സവാദാണ്.

മലയാളം ബിരുദ പരീക്ഷയിൽ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 2011ഏപ്രിൽ 4ന് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തത്.