rafrl

കൊച്ചി: എല്ലാവരെയും ചേർത്ത് ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് സിറോമലബാർ സഭയുടെ നിയുക്ത മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു. കുർബാന തർക്കത്തിലുൾപ്പെടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആരെയും മാറ്റിനിറുത്താൻ ആഗ്രഹിക്കുന്നില്ല. ചേർന്നുനിന്നാൽ ധാരാളം ഫലം പുറപ്പെടുവിക്കുമെന്ന് സുവിശേഷത്തിൽ പറയുന്നതാണ് താനും സ്വീകരിക്കുക. എല്ലാവരെയും ചേർത്തുനിറുത്താൻ കഴിയുന്നതെല്ലാം ചെയ്യും.

സഭയിലെ പ്രതിസന്ധികളിൽ ആശങ്കയില്ല. എല്ലാ പ്രതിസന്ധികളിൽ നിന്നും പുതിയ ഉദയമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുർബാനതർക്കത്തിൽ എല്ലാവരെയും കേട്ടശേഷേം എങ്ങനെ പരിഹാരമുണ്ടാക്കാമെന്ന് നോക്കും. സമവായമല്ല, സാദ്ധ്യതകളാണ് മുന്നിലുള്ളത്. എല്ലാവരെയും കേൾക്കും. ആരെയും കേൾക്കാതെ വിധിപറയുന്നത് ശരിയല്ല. അതിരൂപതാ ആസ്ഥാന ദേവാലയത്തിൽ സ്ഥാനാരോഹരണം നടത്താനാകാത്തതിൽ കുഴപ്പമില്ല. സെന്റ് മേരീസ് ദേവാലയം ഉൾപ്പെടെ ഒന്നും അടഞ്ഞുകിടക്കരുതെന്ന നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.