കൊച്ചി: മറൈൻഡ്രൈവ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികൾ പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ സ്വദേശി മുച്ചേത്ത് വീട്ടിൽ എം.എസ്. അജ്മൽ (മാജിക് മെഹന്ദി-33), പള്ളുരുത്തി ചിറക്കൽ ബ്രിഡ്ജ് സ്വദേശി ആഷ്‌ന മൻസിൽ പി.എം. ഷെമീർ (47), എളംകുളം കോർപ്പറേഷൻ കോളനി സ്വദേശി കുളങ്ങത്തറ വീട്ടിൽ വിഷ്ണു (24) എന്നിവരാണ് എക്‌സൈസ് പിടിയിലായത്. അജ്മലിന്റെയും ഷെമീറിന്റെയും പക്കൽനിന്ന് 6.5 ഗ്രാം എം.ഡി.എം.എയും മൂന്ന് സ്മാർട്ട് ഫോണുകളും 9500 രൂപയും വിഷ്ണുവിന്റെ പക്കൽനിന്ന് 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് പറയുന്നത്:
മറൈൻഡ്രൈവ് ഭാഗത്തെ ചില്ലറ കഞ്ചാവ് കച്ചവടക്കാരനാണ് വിഷ്ണു. അജ്മലും ഷെമീറും സാമൂഹികമാദ്ധ്യമങ്ങൾവഴി മൂന്നാംകണ്ണ് എന്ന പ്രത്യേകഗ്രൂപ്പുണ്ടാക്കി മറൈൻഡ്രൈവ് ഭാഗത്ത് എം.ഡി.എം.എ വില്പന നടത്തി വരികയായിരുന്നു. മയക്കുമരുന്ന് എത്തിയാൽ മിഠായി റെഡി എന്ന കോഡ് ഇവർ ഗ്രൂപ്പിൽ നൽകും. തുടർന്ന് ആവശ്യക്കാർ മിഠായിയുടെ എണ്ണംപറഞ്ഞശേഷം ഗ്രൂപ്പിലുള്ള ക്യൂ.ആർ കോഡ് വഴി പണം നൽകണം. തുടർന്ന് വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് കവറിൽ മിഠായി രൂപത്തിൽ മയക്കുമരുന്ന് പാക്കുചെയ്തുവയ്ക്കും. ഗൂഗിൾ ലൊക്കേഷനും ഇത് വച്ചിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയും ആവശ്യക്കാർക്ക് അയക്കുന്നതാണ് ഇവരുടെ രീതി. ഗ്രാമിന് 3000- 4500 രൂപ വരെയാണ് നിരക്ക്. ഇവരുടെ മൊബൈൽഫോൺ പരിശോധിച്ചതിൽനിന്ന് നിരവധി യുവതീ യുവാക്കളുൾപ്പെടെയുള്ളവർ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചുട്ടുണ്ടെന്ന് കണ്ടെത്തി. ഇവരിൽനിന്ന് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിരവധി മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പരിശോധന തുടരുമെന്ന് അസി. കമ്മിഷണർ ടി.എൻ. സുധീർ അറിയിച്ചു.