 
*ജില്ലാ എക്‌സിക്യുട്ടീവ് അംഗം എം.ടി. നിക്‌സണെതിരെയും നടപടി
കൊച്ചി: വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെത്തുടർന്ന് മുൻ എം.എൽ.എയും സി.പി.ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിഅംഗവുമായിരുന്ന പി. രാജുവിനെതിരെ കടുത്ത നടപടിയുമായി സി.പി.ഐ. നിലവിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗമായ രാജുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി. മറ്റൊരു ജില്ലാ എക്‌സിക്യുട്ടീവ് അംഗമായ എം.ടി. നിക്‌സണെ കളമശേരി മണ്ഡലം കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. ഇന്നലെ ചേർന്ന ജില്ലാ എക്‌സിക്യുട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. പിന്നീട് ചേർന്ന ജില്ലാ കൗൺസിൽ തീരുമാനം ഐകകണ്ഠ്യേന അംഗീകരിച്ചു.
2022ൽ നടന്ന ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച വരവ്- ചെലവ് കണക്ക് സമ്മേളനം അംഗീകരിച്ചിരുന്നില്ല. തുടർന്ന് പുതിയ കമ്മിറ്റി ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാനായിരുന്നു തീരുമാനം. ജില്ലാ കൗൺസിൽ അംഗങ്ങളായ എം.എം. ജോർജ്, അഡ്വ.ജി. വിജയൻ, അഡ്വ. അയൂബ്ഖാൻ എന്നിവർ അംഗങ്ങളായ സമിതി അന്വേഷണം നടത്തുകയും 2018 മുതൽ 2022വരെ ലക്ഷങ്ങളുടെ വ്യാപകക്രമക്കേട് കണ്ടെത്തുകയുമായിരുന്നു. ലക്ഷക്കണക്കിനു രൂപ രസീതില്ലാതെ പിരിക്കുകയും ഭീമമായ തുക വൗച്ചറില്ലാതെ ചെലവഴിക്കുകയും ചെയ്തുവെന്നായിരുന്നു കണ്ടെത്തൽ.
ഇക്കാലയളവിൽ ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജുവും ട്രഷററായിരുന്ന എം.ടി. നിക്‌സണുമായിരുന്നു ഇതിന് പിന്നിലെന്നും അന്വേഷണസമിതി കണ്ടെത്തി. എന്നാൽ കൃത്രിമ കണക്കുണ്ടാക്കി നടപടി സ്വീകരിക്കുകയാണെന്ന് പി. രാജു സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. തുടർന്ന് സംസ്ഥാന കൗൺസിൽ പ്രത്യേക ഓഡിറ്ററെ ചുമതലപ്പെടുത്തി വീണ്ടും പരിശോധന നടത്തിയതിൽനിന്ന് ക്രമക്കേട് സ്ഥിരീകരിച്ചു. ഇതേത്തുടർന്നാണ് നിലവിലെ നടപടി.
ജില്ലാ എക്‌സിക്യുട്ടീവ്-കൗൺസിൽ യോഗങ്ങളിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കമലാ സദാനന്ദൻ, കെ.കെ. അഷ്‌റഫ്, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ തുടങ്ങിയവർ പങ്കെടുത്തു.