
കൊച്ചി: ബിഷപ്പ് റാഫേൽ തട്ടിലിനെ സിറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തതിനെ സഭയിലെ ഇരുപക്ഷവും സ്വാഗതം ചെയ്തു. റാഫേൽ തട്ടിലിൽ പ്രതീക്ഷയുണ്ടെന്ന് അതിരൂപതാ സംരക്ഷണ സമിതിയും സംയുക്തസഭാ സംരക്ഷണ സമിതിയും അറിയിച്ചു. അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ സ്ഥാനാരോഹണം നടത്താത്തതിൽ വിമർശനവും ഉയർന്നിട്ടുണ്ട്.
വൈദികരും ജനങ്ങളുമായി നിരന്തര സൗഹൃദം പുലർത്തുന്ന ബിഷപ്പാണ് തട്ടിലെന്ന് ഏകീകൃത കുർബാനയെ എതിർക്കുന്ന അതിരൂപതാ സംരക്ഷണ സമിതി പറഞ്ഞു. പരസ്പര സംഭാഷണത്തിൽ വിശ്വസിക്കുന്ന വ്യക്തിയുമാണ്. അതിരൂപതയുടെ സാഹചര്യത്തെ യഥാർത്ഥ്യബോധത്തൊടെ കാണുന്നതിനാൽ സമാധാനത്തിനും ശാന്തിക്കും റാഫേൽ തട്ടിലിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.
അതിരൂപത അനുഭവിക്കുന്ന സഹനങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പുതിയ നേതൃത്വം ശ്രദ്ധിക്കണം. ജനാഭിമുഖ കുർബാന നിലനിറുത്താനും മൈനർ സെമിനാരി തുറക്കാനും ഡീക്കന്മാർക്കും പട്ടം കൊടുക്കാനും ബസലിക്ക തുറക്കാനും നടപടി വേണം. അതിനായി നടപടിയുണ്ടായാൽ വിശ്വാസികളുടെ സഹകരണം ബിഷപ്പ് മാർ തട്ടിലിന് ലഭിക്കും. ഭരണം മാറിയാൽ പ്പോര, വിശ്വാസികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
സഭയിൽ അച്ചടക്കവും മാർപാപ്പയുടെ തീരുമാനങ്ങളും നടപ്പാക്കാൻ കഴിവും പ്രാപ്തിയുമുള്ള റാഫേൽ തട്ടിലിന്റെ നേതൃത്വം സഭയ്ക്ക് ഉണർവും കരുത്തും പകരുമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ചെയർമാൻ മത്തായി മതിരേന്തിയും ജനറൽ സെക്രട്ടറി ജിമ്മി ജോസഫും പറഞ്ഞു.
മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം സെന്റ് മേരീസ് ബെസലിക്കയിൽ നടത്താത്തത്ത് അപലപനീയമാണ്. സഭാവിരുദ്ധരുടെ ഭീഷണിക്ക് വഴങ്ങി സ്ഥാനാരോഹണം മൗണ്ട് സെന്റ് തോമസിലാക്കിയത് വിശ്വാസികളോടുള്ള വഞ്ചനയാണ്. ബസിലിക്കയിൽ ഏകീകൃത കുർബാന ആരംഭിക്കാനുള്ള സുവർണാസരമാണ് നഷ്ടപ്പെടുത്തിയതെന്ന് സമിതി ആരോപിച്ചു.