□ഉന്നതതല സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്ന് ഹൈക്കോടതി. കൈയേറ്റം ഒഴിപ്പിക്കലിന്റെയടക്കം മേൽനോട്ടത്തിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ലാൻഡ് റവന്യു കമ്മിഷണറും ദുരന്തനിവാരണ കമ്മിഷണറും അംഗങ്ങളായ ഉന്നതതല സമിതി രൂപീകരിക്കാനും നിർദ്ദേശിച്ചു.
സർക്കാർ കോടതിയിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവന്റെ റിപ്പോർട്ട് കണക്കിലെടുത്താണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
സമിതി ആദ്യ റിപ്പോർട്ട് ജനുവരി 31ന് നൽകണം. മൂന്നാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് അടക്കമുള്ള സംഘടനകൾ നൽകിയ ഹർജികളിലാണ് ഉത്തരവ്.
ഇടുക്കിയിലെ ഭൂമി കൈയേറ്റവും വ്യാജരേഖയും സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ട് 20 വർഷത്തോളമായെങ്കിലും ഒഴിപ്പിക്കലിന് സമയബന്ധിതമായ നടപടിയില്ല. ആവശ്യമായ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല. ചട്ടഭേദഗതിയുടെ നിയമസാധുത പരിശോധിക്കുമെന്ന് പറഞ്ഞ കോടതി, ചീഫ് സെക്രട്ടറിക്ക് നോട്ടീസയയ്ക്കാനും അഡ്വക്കേറ്റ് ജനറൽ ഹാജരാകാനും നിർദ്ദേശിച്ചു.