
കൊച്ചി: ഈമാസം 16ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ ഉൾപ്പെടെ മൂന്നു പരിപാടികളിൽ പങ്കെടുക്കും. അന്ന് കൊച്ചിയിൽ തങ്ങുന്ന അദ്ദേഹം 17ന് മടങ്ങും.
ബി.ജെ.പിയുടെ ബൂത്തു കമ്മിറ്റികളായ ശക്തികേന്ദ്രയുടെ ചുമതലക്കാരായ 5000 പേർ പങ്കെടുക്കുന്ന യോഗത്തിൽ 16ന് വൈകിട്ട് പ്രധാനമന്ത്രി പ്രസംഗിക്കും. എറണാകുളം മറൈൻഡ്രൈവിൽ തയ്യാറാക്കുന്ന പന്തലിലാണ് സമ്മേളനം. നഗരത്തിൽ ഒരുക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.
നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 17ന് രാവിലെ 8ന് ഹെലികോപ്ടറിൽ ഗുരുവായൂരിലെത്തും. സമൂഹവിവാഹത്തിലും പങ്കെടുക്കും. തിരിച്ചെത്തുന്ന അദ്ദേഹം രാവിലെ 10.30ന് കൊച്ചി കപ്പൽശാലയുടെ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും.
കൊച്ചിയിൽ ഗ്രാൻഡ് ഹയാത്തിൽ അദ്ദേഹം താമസിക്കുമെന്നാണ് സൂചനകളെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. താമസസ്ഥലത്തോട് ചേർന്നാകും റോഡ് ഷോ ഒരുക്കുകയെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. പരിപാടികളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.