blasters

കൊച്ചി: പരിക്കേറ്റ് പുറത്തായ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പകരം ലിത്വാനിയൻ ദേശീയ ടീം ക്യാപ്ടൻ ഫെദോർ സെർനിച്ചിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.
2012ൽ ലിത്വാനിയ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഫെദോർ ഇതുവരെ 82 മത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ നേടിയിട്ടുണ്ട്. റഷ്യൻ ക്ലബായ ഡൈനാമോ മോസ്‌കോയ്ക്ക് പുറമേ പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുള്ള ഫെദോർ അവസാനമായി സൈപ്രസ് ക്ലബായ എ.ഇ.എൽ ലിമസോളിനായാണ് കളിച്ചത്. 32കാരനായ ഫെദോർ മികച്ച ലെഫ്റ്റ് ബാക്ക് വിംഗറാണ്. പരിക്കിനെ തുടർന്ന് വിശ്രമത്തിലുള്ള അഡ്രിയാൻ ലൂണയ്ക്ക് ഈ സീസൺ മുഴുവൻ നഷ്ടപ്പെടും. ഇതേതുടർന്നാണ് നിലവിൽ മികച്ച ഫോമിലുള്ള ടീം, ജനുവരി ട്രാൻസഫർ വിൻഡോയിലൂടെ പുതിയ വിദേശ താരത്തെ ടീമിലെത്തിച്ചത്. ഭുവനേശ്വറിൽ തുടങ്ങിയ സൂപ്പർ കപ്പിൽ ഫെഡോർ കളിക്കാൻ സാദ്ധ്യതയില്ല. അതിന് ശേഷം ഐ.എസ്.എല്ലിൽ അരങ്ങേറും.