p

2024-ൽ രാജ്യത്ത് 72% തൊഴിലുകളും സേവന മേഖലയിലാണ്. ഇവയിൽ 75 ശതമാനവും ഡിജിറ്റൽ ഇക്കോണമിയിലുമാണ്. സേവന മേഖലയിൽ പ്രവർത്തിക്കാനുള്ള മികച്ച തൊഴിലവസരങ്ങളും ഉപരിപഠന സാദ്ധ്യതകളുമാണ് ബി.കോം വിഭാവനം ചെയ്യുന്നത്.

പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട കോഴ്‌സുകളിലൊന്നാണ് മൂന്നു വർഷ ബിരുദ പ്രോഗ്രാമായ ബി.കോം. അക്കൗണ്ടിംഗ്, കണക്ക്, ഇക്കണോമിക്‌സ് എന്നിവയ്ക്കാണ് ബി.കോം ഊന്നൽ നൽകുന്നത്. ബി.കോം ജനറൽ, സ്‌പെഷ്യലൈസ്ഡ് ഓണേഴ്‌സ്, ഇന്റഗ്രേറ്റഡ് എൽ എൽ.ബി എന്നിവയുണ്ട്. ബി.കോം പൂർത്തിയാക്കിയാവർക്ക് നേരിട്ടോ അല്ലാതേയോ അക്കൗണ്ടന്റ് തസ്തികകളിൽ പ്രവർത്തിക്കാം. അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടിംഗ്, മാനേജ്‌മെന്റ് അക്കൗണ്ടിംഗ് എന്നിവയിലെ അറിവാണ് അക്കൗണ്ടിംഗിനു വേണ്ടത്. ടാക്‌സ്/ജി.എസ്.ടി കൺസൾട്ടന്റായും പ്രവർത്തിക്കാം. ബാങ്ക്, ഇൻഷ്വറൻസ്, പബ്ലിക് സർവീസ് കമ്മിഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളെഴുതി ബാങ്കിംഗ്, ഇൻഷ്വറൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കാം.

കോഴ്‌സ് പൂർത്തിയാക്കിയവർക്ക് വിവിധ പരീക്ഷകളെഴുതി ചാർട്ടേർഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ഫൈനാൻഷ്യൽ അനലിസ്റ്റ്, ആക്ച്വറി, കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിൽ പ്രവർത്തിക്കാം. കാറ്റ്, ജി.മാറ്റ്, കെ. മാറ്റ് പരീക്ഷകളെഴുതി രാജ്യത്തിനകത്തും വിദേശത്തും എം.ബി.എയ്ക്ക് പഠിക്കാം. പിഎച്ച്.ഡി പൂർത്തിയാക്കി കോളേജദ്ധ്യാപകരാകാം. കൂടാതെ ACCM, CMA, CMA global, Actuaries India പരീക്ഷകളെഴുതി വിദേശത്ത് തൊഴിൽ നേടാം. ഓഡിറ്റർ, അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, ബിസിനസ് അനലിസ്റ്റ്, ടാക്‌സ് അനലിസ്റ്റ്, ടാക്‌സ് അക്കൗണ്ടന്റ്, സ്റ്റോക്ക് ബ്രോക്കർ, ഫിനാൻസ് ഓഫീസർ തുടങ്ങി വിവിധ തസ്തികകളിൽ ബി.കോം പൂർത്തിയാക്കിയവർക്ക് പ്രവർത്തിക്കാൻ അവസരങ്ങൾ ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിനായി GRE, TOEFL പരീക്ഷകളെഴുതി അമേരിക്കയിലും IELTS എഴുതി മറ്റു രാജ്യങ്ങളിലും പഠിക്കാം.

ബി.ബി.എ കഴിഞ്ഞ് മാനേജരാകാം

പ്ലസ് ടു വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ബിരുദ പ്രോഗ്രാമുകളിലൊന്നാണ് ബാച്ചിലർ ഒഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ അഥവാ ബി.ബി.എ. മാർക്കറ്റിംഗ്, വിദ്യാഭ്യാസം, സാമ്പത്തികം, സെയിൽസ്, സർക്കാർ ബാങ്കിംഗ്, ഇൻഷ്വറൻസ്, മറ്റു സേവന മേഖലകളിൽ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് പ്രവർത്തിക്കാം. മാനേജ്‌മെന്റ്, മാനേജീരിയൽ സ്‌കിൽ, സംരംഭകത്വം എന്നിവയിൽ പ്രാവീണ്യം നേടാൻ ബി.ബി.എ ഉപകരിക്കും.

ബി.ബി.എയ്ക്ക് ഹ്യൂമൺ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാൻസ്, സെയിൽസ് & മാർക്കറ്റിംഗ്, ഐ.ടി തുടങ്ങി നിരവധി സ്‌പെഷ്യലൈസേഷനുകളുണ്ട്. മൂന്നു വർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷൻ & മീഡിയ മാനേജ്‌മെന്റ്, ഹെൽത്ത് കെയർ മാനേജ്‌മെന്റ് തുടങ്ങിയ സ്‌പെഷ്യ ലൈസേഷനുകളുണ്ട്. 6 സെമസ്റ്റർ ദൈർഘ്യമുള്ള കോഴ്‌സിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, കമ്മ്യൂണിക്കേഷൻ, മാത്തമാറ്റിക്‌സ്, മാനേജ്‌മെന്റ്, മാനേജീരിയിൽ ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് അക്കൗണ്ടിംഗ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്‌സ്, മാർക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളുണ്ട്.

ബി.ബി.എ പൂർത്തിയാക്കിയവർക്ക് CAT, CMAT, GMAT, KMAT, NMAT പരീക്ഷകളെഴുതി രാജ്യത്തിനകത്തും, വിദേശത്തും എം.ബി.എയ്ക്ക് പഠിക്കാം. കോർപ്പറേറ്റ് മാനേജ്‌മെന്റ് തലത്തിൽ മാനേജ്‌മെന്റ് തസ്തികകളിൽ പ്രവർത്തിക്കാൻ ബി.ബി.എ ഉപകരിക്കും. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ഫിനാൻസ് മാനേജർ, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ റിസേർച്ചർ, റിസേർച്ച് & ഡെവലപ്‌മെന്റ് മാനേജർ, ബിസിനസ് കൺസൾട്ടന്റ്, ഇൻഫർമേഷൻ സിസ്റ്റംസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ തുടങ്ങി വിവിധ തസ്തികകളിൽ പ്രവർത്തിക്കാം.