
ചരക്ക് സേവന നികുതി (ജി.എസ്.ടി) സംവിധാനം പ്രാവർത്തികമായിട്ട് ഏഴ് വർഷമാവുകയാണ്. ജി.എസ്.ടി വെറുമൊരു നികുതി നിയമം മാത്രമല്ല, ഇന്ത്യയുടെ ഭാവിയെ വരെ നിയന്ത്രിക്കുന്ന സംവിധാനമാണെന്ന് ബഹുഭൂരിപക്ഷം പേരും മനസിലാക്കുന്നില്ല. സങ്കീർണതകൾ ഒഴിവാക്കാനാണ് നികുതി സംവിധാനമൊരുക്കിയതെങ്കിലും നിലവിൽ കച്ചവടക്കാർക്കും വ്യവസായികൾക്കും പൊതുജനങ്ങൾക്കും തലവേദനയാണ് ജി.എസ്.ടി സൃഷ്ടിക്കുന്നത്.
ജി.എസ്.ടി സോഫ്ട്‌വെയർ തയ്യാറാക്കിയ കമ്പനിയുടെ അനാസ്ഥ മൂലം വലിയ തിരിച്ചടിയാണ് ജി.എസ്.ടിയുടെ തുടക്കം മുതൽ നികുതിദായകർ നേരിടുന്നത്. ആസൂത്രണക്കുറവ് മൂലം തുടർച്ചയായി നെറ്റ്‌വർക്കിൽ മാറ്റങ്ങൾ വരുന്നതിനാൽ അധിക ബാദ്ധ്യതകളും പിഴകളും നൽകാൻ ഉത്പാദകരും സേവനദാതാക്കളും നിർബന്ധിതരാകുന്നു.
ഈ സാഹചര്യത്തിൽ ജി.എസ്.ടി നിയമങ്ങളിൽ ഉചിതമായ മാറ്റം വരുത്താൻ ജി.എസ്.ടി കൗൺസിൽ അടിയന്തര ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഇതോടൊപ്പം വ്യാപാരികളോടും ഉത്പന്ന നിർമ്മാതാക്കളോടും ഇടപെടുമ്പോൾ ഉദാരമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും വേണം.
നികുതിക്കു മേൽ നികുതി ചുമത്തി ഇതുവരെയും നടത്തിയിട്ടുള്ള അസസ്സ്മെന്റുകൾ ഒഴിവാക്കാൻ ജില്ലാ തലത്തിലുള്ള ജോയിന്റ് കമ്മിഷണർമാർക്ക് അധികാരം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. ഇങ്ങനെയുള്ള കേസുകളിൽ പ്രത്യേക അപേക്ഷ സമർപ്പിക്കാനും അത്തരത്തിൽ ചുമത്തിയിട്ടുള്ള എല്ലാ നികുതിയും പിഴയും പലിശയും നികുതിദായകരുടെ ക്യാഷ്/ക്രെഡിറ്റ് ലെഡ്ജറിലേക്ക് മാറ്റി, ആ തുക നികുതിദായകർക്ക് ഭാവിയിലുണ്ടാകുന്ന ജി.എസ്.ടി ബാദ്ധ്യതയിലേക്ക് അടയ്ക്കാൻ അവസരമുണ്ടാകണം.
നിലവിലുള്ള ജി.എസ്.ടി നിയമത്തിൽ Section 16 (4) അനുസരിച്ച് നികുതിക്കു മേൽ നികുതി വരാൻ ഇടയുണ്ട്. അത് ഒഴിവാക്കാനുള്ള നിയമ പരിഷ്കാരമുണ്ടാകണം. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് മൊത്തം നികുതി തുകയും പലിശയും മിനിമം പിഴയും അടച്ച് കുറ്റവിമുക്തരാകാൻ അവസരം നൽകണം. 50 ലക്ഷത്തിനു മുകളിൽ വിറ്റുവരവുള്ളവർക്ക് E-invoice നിർബന്ധമാക്കണം. ഇതോടൊപ്പം ഇ-വേ-ബിൽ, ഇ-ഇൻവോയ്സ് സൗകര്യങ്ങൾ ജി.എസ്.ടി പോർട്ടലിൽ നിന്ന് ലഭിക്കാത്ത സാഹചര്യങ്ങളിൽ ഹാർഡ് കോപ്പി ഉപയോഗിക്കാനുള്ള സൗകര്യം നിയമാനുസൃതമാക്കണം.
എല്ലാ ജി.എസ്.ടി ഓഫീസുകളിലും പ്രശ്നപരിഹാരത്തിനായി ഉദ്യോഗസ്ഥരെ/പ്രൊഫഷണലുകളെ ഉൾപ്പെടുത്തി എമർജൻസി സെല്ലുകൾ തുറക്കേണ്ടതും ആവശ്യമാണ്. ഉദ്യോഗസ്ഥരുടെയും ജി.എസ്.ടി പോർട്ടലിന്റെയും ഏതുതരം വീഴ്ചയ്ക്കും നികുതിദായകന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. നികുതി ദായകന് നഷ്ടമുണ്ടാക്കുന്ന നിയമവിരുദ്ധമായ ഉത്തരവുകൾ മനഃപൂർവം പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ബാദ്ധ്യത ഉൾപ്പെടെയുള്ള ശിക്ഷ ഉറപ്പാക്കണം. സാങ്കേതിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വീഴ്ചകൾക്ക് പിഴ ഈടാക്കാൻ പാടില്ലെന്ന വ്യവസ്ഥയും നികുതിദായകർ പ്രതീക്ഷിക്കുന്നു.
നികുതിദായകൻ നൽകുന്ന ജി.എസ്.ടി സംബന്ധിച്ച പരാതികൾ, വിശദീകരണം തുടങ്ങിയവ 24 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകണം.
ജി.എസ്.ടി നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന 41-ാം വകുപ്പ് മൊത്തത്തിൽ മാറ്റിയിരിക്കുകയാണ്. അതുപോലെ 42-ാം വകുപ്പും 43-ാം വകുപ്പും എടുത്തു കളഞ്ഞിരിക്കുന്നു. 'രാധാകൃഷ്ണൻ ഇൻഡസ്ട്രീസിന്റെ കേസിൽ" സുപ്രീംകോടതി ജി.എസ്.ടിയുടെ പ്രവർത്തനത്തിലെ വീഴ്ച്ചകൾ രൂക്ഷമായി വിമർശിച്ച നിരീക്ഷണങ്ങൾ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ ജി.എസ്.ടി നിയമത്തിൽ മാറ്റം വരുത്തിയ തീയതിക്ക് മുമ്പുണ്ടായിരുന്ന നികുതിദായകർക്കുള്ള സംരക്ഷണം ഉറപ്പാക്കാൻ വേണ്ട ഭേദഗതികൾ അടിയന്തരമായി കൊണ്ടുവരണം. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി ജി.എസ്.ടി നിയമങ്ങളിൽ ക്രിയാത്മകമായ പൊളിച്ചെഴുത്ത് നടത്തേണ്ട സമയം അതിക്രമിച്ചു. ഒരു രാജ്യം ഒരു നികുതി’ (One Nation, One Tax) എന്ന ജി.എസ്.ടിയുടെ അടിസ്ഥാനതത്വത്തിലേക്ക് മുഴുവനായി എത്തിച്ചേരാൻ നിയമങ്ങളിൽ കാലികമായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.
(ജി.എസ്.ടി നിയമത്തിലെ പരിശീലകനും അഭിഭാഷകനുമാണ് ലേഖകൻ)