madanbabu

കൊച്ചി: നാടകവേദിയിലെ കൂട്ടുകാരുടെ ആദ്യസിനിമയായ 'ആട്ട"ത്തിലെ ശ്രദ്ധേയ കഥാപാത്രവും കാർഷിക സർവകലാശാലാ കംപ്‌ട്രോളറുമായ പാലക്കാട് ചൂലന്നൂർ സ്വദേശി മദൻബാബുവിനെ തേടി തമിഴ്‌സിനിമ. സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം അഭിനയിക്കാൻ ക്ഷണം ലഭിച്ചു.

ധനവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായ 52കാരൻ ഡെപ്യൂട്ടേഷനിലാണ് കാർഷിക സർവകലാശാലയിലെത്തിയത്. പാലക്കാട് വിക്ടോറിയ കോളേജിൽ ബിരുദപഠനകാലത്ത് നാടകം അവതരിപ്പിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടതാണ് മദൻബാബുവിന് കലാരംഗത്ത് ലഭിച്ച ആദ്യ 'അംഗീകാരം". ക്യാമ്പസ് തിയേറ്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 'കമാൻഡർ പെപ്പ്" എന്ന ചിലി നാടകം അവതരിപ്പിച്ചതാണ് പ്രിൻസിപ്പലിനെ പ്രകോപിപ്പിച്ചത്.

അന്ന് നാടകം അവസാനിപ്പിച്ചിരുന്നെങ്കിൽ ഇന്നു സിനിമയിൽ എത്തുമായിരുന്നില്ലെന്ന് മദൻബാബു പറയുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കേരള പ്രസ് അക്കാഡമിയിൽ നിന്ന് റാങ്കോടെ ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.
വിക്ടോറിയ കോളേജ് മുതലുള്ള കൂട്ടുകാർ ഇന്നും കൂടെയുണ്ട്. അന്നു സസ്‌പെൻഷൻ ലഭിച്ചവരിലൊരാളായ കെ.പി. രവിചന്ദ്രൻ അവിടെ അദ്ധ്യാപകനാണ്. ചുമട്ടുതൊഴിലാളി മുതൽ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെയും കൂട്ടായ്മയായ കൊച്ചിയിലെ ലോകധർമ്മി നാടകവേദിയാണ് ആട്ടം സംഘത്തിന്റെ തട്ടകം. ലോകധർമ്മിയിൽ നടനും സംവിധായകനും സെക്രട്ടറിയുമായിരുന്നു. നടൻ വിനയ്‌ഫോർട്ട്, ആട്ടത്തിന്റെ സംവിധായകൻ ആനന്ദ് എകർഷി എന്നിവരുൾപ്പെടെ കൂട്ടുകാരോടൊപ്പം അഭിനയിച്ച 'കർണഭാരം" നാടകമാണ് സിനിമയിലേക്ക് വഴിയൊരുക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ 35 വേദികളിൽ ലോകധർമ്മി അവതരിപ്പിച്ച നാടകത്തിൽ മദൻബാബുവിന്റെ ഭാര്യയും എഴുത്തുകാരിയുമായ കെ.ആർ. ജ്യോതിയും അഭിനയിച്ചിട്ടുണ്ട്.

'കർണഭാരം" ചുമന്ന കൂട്ടുകാർ

ചങ്ങാതിക്കൂട്ടത്തിന്റെ 'കർണഭാരം ചുമന്നവർ" എന്ന വാട്‌സാപ്പ് ഗ്രൂപ്പാണ് സിനിമാചർച്ചയ്ക്ക് തുടക്കമിട്ടത്. നാടകത്തിനാവശ്യമായ വാഴപ്പിണ്ടി മുതലുള്ള സാധനങ്ങൾ ട്രൂപ്പ് അംഗങ്ങൾ ചുമന്നുകൊണ്ട് പോയിരുന്നതിനാലാണ് ഗ്രൂപ്പിന് അങ്ങനെയൊരു പേരിട്ടത്.

ആനന്ദ് എഴുതിയ കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു. കെ.ജി. ജോർജിന്റെ യവനികയ്ക്കു ശേഷം നാടക പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണ ചിത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ വരവേറ്റത്.

എറണാകുളം പാടിവട്ടത്താണ് സ്ഥിരതാമസം. ജർമ്മനിയിൽ എൻജിനിയറിംഗിൽ ബിരുദാനന്തരബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന നിരഞ്ജൻ, എട്ടാംക്ലാസ് വിദ്യാർത്ഥിനി നീരജ എന്നിവർ മക്കളാണ്.