കൊച്ചി: ''അല്പം കൂടി കാത്തിരിക്കൂ, പ്രേക്ഷകരുടെ ആഗ്രഹം സഫലമാകും..."" എഴുപതാം ജന്മദിനത്തിൽ മലയാളസിനിമയിലെ സകലകലാവല്ലഭൻ ബാലചന്ദ്രമേനോന്റെ ഉറപ്പ്. പിറന്നാൾ ദിനത്തിലും ആഘോഷങ്ങൾ ഒഴിവാക്കി യാത്രയിലായിരുന്നു അദ്ദേഹം. ''പുതിയ സിനിമയുടെ പണിപ്പുരയിലാണ്. വിശദാംശം വൈകാതെ അറിയിക്കാം. നല്ല ശ്രമത്തിലാണ് ഞാൻ. പൂർണതയിൽ എത്തിയിട്ടില്ല. എന്നെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്ന സിനിമ വരും."" അദ്ദേഹം പറഞ്ഞു.
'ക്ളാപ് ടു ക്ളാപ്‌സ് "എന്ന പേരിൽ സിനിമാപരിശീലനമാണ് മറ്റൊരു പദ്ധതി. 47 വർഷത്തെ സിനിമാജീവിതത്തെ അടിസ്ഥാനമാക്കി അഭിനയം, തിരക്കഥ, സംവിധാനം തുടങ്ങിയവയിൽ പരിശീലനം നൽകും. രണ്ടുലക്ഷ്യങ്ങളും ഈവർഷം തന്നെ നടപ്പാകുമെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. 2018ൽ റിലീസ് ചെയ്‌ത 'എന്നാലും ശരത് " ആണ് ഒടുവിൽ സംവിധാനം ചെയ്തത്.
കൊല്ലത്ത് ജനിച്ച അദ്ദേഹം ഏതാനും വർഷങ്ങളായി കൊച്ചിയിലാണ് താമസം. 70-ാം പിറന്നാൾ സാധാരണപോലെ കടന്നുപോയെന്നും ആഘോഷങ്ങൾ പതിവില്ലെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. നിരവധിപേർ ആശംസകൾ അറിയിച്ചു.
1954 ജനുവരി 11ന് കൊല്ലം എടവയിലാണ് ജനനം. ബിരുദവും നിയമബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ളോമയും നേടി. ചെന്നൈയിൽ പത്രപ്രവർത്തകനായാണ് സിനിമയുമായി ബന്ധപ്പെട്ടത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതസംവിധാനം, ആലാപനം, അഭിനയം, നിർമ്മാണം, വിതരണം എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
സംവിധാനം ചെയ്ത സിനിമകൾ ഭൂരിപക്ഷവും ഹിറ്റായിരുന്നു. മമ്മൂട്ടി നായകനായ 'നയം വ്യക്തമാക്കുന്നു" ഒഴികെയുള്ള സ്വന്തം സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി നിർദ്ദേശിച്ചതു പ്രകാരമാണ് സംവിധാനത്തിൽ ശ്രദ്ധിച്ചത്. 40 സിനിമകൾ സംവിധാനം ചെയ്തു. 100ലേറെ സിനിമകളിൽ അഭിനയിച്ചു. പദ്മശ്രീ, ഫിലിം ഫെയർ പുരസ്‌കാരം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവ നേടിയിട്ടുണ്ട്. വരദ മേനോനാണ് ഭാര്യ. ഭാവന മേനോൻ, അഖിൽ മേനോൻ എന്നിവർ മക്കളാണ്.