ചോറ്റാനിക്കര: ചരിത്രപ്രസിദ്ധമായ കാഞ്ഞിരമറ്റം ശൈഖ് ഫരിദുദ്ദീൻ ദർഗാഷരീഫിലെ കൊടികുത്ത് ചന്ദനക്കുടം (ഉറൂസ്) നേർച്ചക്ക് ഇന്ന് രാത്രി 8.30ന് കടുവായിൽ ജുമാ മസ്ജീദ് ചീഫ് ഇമാം അബു റബീഹ് സ്വദഖത്തുല്ലാഹ് ബാഖവി നടത്തുന്ന മതപ്രഭാഷണത്തോടെ തുടക്കം കുറിക്കും. സ്കീം മെമ്പർ നാസർ കരേടത്ത് അദ്ധ്യക്ഷത വഹിക്കും.
നാളെ വൈകിട്ട് 6ന് ഡി.കെ.എൽ.എ കാഞ്ഞിരമറ്റം മേഖല മദ്രസ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മെഗാ ദഫ് മത്സരം അരങ്ങേറും. രാത്രി 8ന് കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം ഷംസുദ്ദീൻ ഫാളിൽ വഹബി പ്രഭാഷണം നടത്തും. 13ന് വൈകിട്ട് 7ന് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനം മുൻമന്ത്രി കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളി മാനേജർ അഡ്വ. അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷത വഹിക്കും. ചീഫ് ഇമാം ഷംസുദ്ദീൻ ഫാളിൽ വഹബി ആമുഖപ്രഭാഷണം നടത്തും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, അഖില മലങ്കര യാക്കോബായ സുവിശേഷസംഘം പ്രസിഡന്റ് ഡോ.ഏലിയാസ് മോർ അത്താനാസിയോസ്, അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി എന്നിവർ പ്രഭാഷണം നടത്തും. കാഞ്ഞിരമറ്റം പള്ളിയുടെ കാരുണ്യ സഹായവിതരണം തോമസ് ചാഴികാടൻ എം.പിയും വിദ്യാഭ്യാസ അവാർഡ് വിതരണം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എയും നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ പ്രമുഖവ്യക്തികളെ ആദരിക്കും. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് കൊടികുത്ത് സപ്ലിമെന്റ് പ്രകാശിപ്പിക്കും. രാത്രി 10ന് കൊല്ലം മുഹമ്മദ് നസീബ് അഹ്സഹനി നേതൃത്വം നൽകുന്ന ബുർദ മജിലീസും 12 മുതൽ ദുആ സമ്മേളനവും നടക്കും.
14ന് രാവിലെ 10.30ന് താഴത്തേ പള്ളിയിലും 11ന് മലേപ്പള്ളിയിലും കൊടികയറ്റും. രാത്രി 10.30ന് പ്രാദേശിക മഹല്ലുകളിൽ നിന്നുള്ള ചന്ദനക്കുട ഘോഷയാത്ര പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 11ന് ചന്ദനക്കുടം.