ladu

ആലുവ: വജ്രജൂബിലി വർഷത്തിൽ ഇരട്ട റെക്കാഡ് കരസ്ഥമാക്കി ആലുവ സെന്റ്. സേവ്യേഴ്‌സ് കോളേജ്. 60 പ്രകൃതിദത്ത വിഭവങ്ങളിൽനിന്ന് 600 സോപ്പുകൾ നിർമ്മിച്ച് കൊൽക്കത്ത യൂണിവേഴ്‌സൽ റെക്കാഡ് ഫോറത്തിന്റെ ലോക റെക്കാഡിന് അർഹമായതും 60 ഇനങ്ങളിലായി 600 ലഡു നിർമ്മിച്ച് ഏഷ്യൻ റെക്കാഡ് നേടിയതുമാണ് കോളേജിന് ഇരട്ടി മധുരമായത്.

ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലിന്റെയും കെമിസ്ട്രി വിഭാഗത്തിലെ 60 വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് സാവ്‌കെയർ ഹെർബൽ സോപ്പുകൾ നിർമ്മിച്ചത്. 60 ഇലകളുടെയും ഫലങ്ങളുടെയും സത്ത് ഉപയോഗിച്ച് ബിവോക് കളിനറി ആർട്‌സ് ആൻഡ് ഹോസ്പിറ്റൽ മാനേജ്‌മെന്റിലെയും കുക്കറി ക്ലബ് അംഗങ്ങളും ഉൾപ്പെടെ 22 കുട്ടികളാണ് 600 ലഡു നിർമ്മിച്ചത്.

യൂണിവേഴ്‌സൽ റെക്കാഡ് ഫോറം പ്രസിഡന്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ. ജോൺസൻ വി. ഇടിക്കുള എന്നിവരടങ്ങിയ ജൂറിയാണ് രേഖകൾ പരിശോധിച്ച് റെക്കാഡിന് അംഗീകാരം നൽകിയത്.

4,000 ഉറുമ്പുകളുടെ പ്രദർശനം ശ്രദ്ധേയം

വജ്രജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്‌സിബിഷൻ 'ഗ്യാനോത്സവ് 2024' ലെ നാലായിരം ഉറുമ്പുകളുടെ പ്രദർശനം കൗതുകകരമായി. 200 സ്പീഷിസിലുള്ള 4,000 ഉറുമ്പുകളുടെ ശേഖരമാണ് ശ്രദ്ധയാകർഷിക്കുന്നത്. സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോ. സിസ്റ്റർ കാർമലി ശേഖരിച്ച ഉറുമ്പുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

മലയാളവിഭാഗം ഒരുക്കിയ ലിപിപരിണാമവും ശ്രദ്ധപിടിച്ചുപറ്റി. ലിപിപരിണാമം, കേരളീയകലകൾ, നമ്മൾ നടന്ന വഴികൾ എന്നീ പേരുകളിലായി ഒരുക്കിയ പ്രദർശനം സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെയും ഭാഷാസ്‌നേഹികളെയും ഒരേപോലെ പരിഗണിക്കുന്നതാണ്. താളിയോലമാതൃകകളും എഴുത്താണിമാതൃകകളും ബ്രാഹ്മി, ഗ്രന്ഥ, വട്ടെഴുത്ത്, കോലെഴുത്ത്, അറബിമലയാളം മുതലായ ലിപിമാതൃകകളും പ്രദർശനത്തിന്റെ മാറ്റുകൂട്ടുന്നു.

ഫിസിക്‌സ് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര നിലവാരമുള്ള പ്ലാനറ്റോറിയം എക്‌സിബിഷനിലെ ശ്രദ്ധാകേന്ദ്രമാകുന്നു. പ്രപഞ്ചവുമായി ബന്ധപ്പെട്ട 15 ദൃശ്യാവിഷ്‌കാരങ്ങളാണ് പ്ലാനറ്റോറിയത്തിൽ സജ്ജമാക്കിയിരിക്കുന്നത്.